സംസ്ഥാന മേളയിലും ആശങ്ക
കൊച്ചി:സംസ്ഥാന സ്‌കൂള്‍ കലോത്സവ വിധി നിര്‍ണയം കുറ്റമറ്റതാക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലാ കലോത്സവ വിധി നിര്‍ണയങ്ങള്‍ നല്‍കുന്നത് ആപത് സൂചനകള്‍. പല ജില്ലകളിലും വിധിനിര്‍ണയത്തില്‍ അടിവലികള്‍ നടന്നതായാണ് സൂചനകള്‍. സംസ്ഥാന തല വിജയികളെ'നിശ്ചയിക്കുന്നതിനും' ഏജന്റുമാര്‍ സജീവമായി രംഗത്തുണ്ടെന്ന് നൃത്താധ്യാപകര്‍ സമ്മതിക്കുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് തിരിതെളിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ മല്‍സരാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമെല്ലാം ആശങ്കയിലാണ്. വിവിധ മത്സരങ്ങളുടെ സ്ഥാനങ്ങള്‍'വില'യിട്ട് പിടിക്കാന്‍ അണിയറയില്‍ നീക്കം സജീവമെന്നാണ് ആശങ്ക. ഉപജില്ലകളില്‍ തുടങ്ങിയ ചരടുവലികളാണ് സംസ്ഥാനത്തേക്കും നീളുന്നത്. വിവിധ ജില്ലാ റവന്യൂമത്സരങ്ങളിലെ പ്രതിഷേധങ്ങള്‍കൂടി കൂട്ടി വായിച്ചാലെ ഈ ആശങ്കയുടെ ആഴം വ്യക്തമാകൂ. എറണാകുളം ജില്ലാ കലോത്സവത്തില്‍ നൃത്ത മത്സരയിനത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ ഞെട്ടി. മത്സരം തുടങ്ങുന്നതിനുമുന്‍പ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരുടെ പേരുവിവരം പോസ്റ്ററായി പ്രത്യക്ഷപ്പെട്ടു. മല്‍സരാര്‍ഥികളുടെ പേരിനൊപ്പം ഇവരെ പരിശീലിപ്പിച്ച അധ്യാപകരുടെ പേരുമുണ്ടായിരുന്നു. ഗ്രീന്‍ റൂമിലും വേദിയുടെ സമീപവും പതിച്ച പോസ്റ്ററുകള്‍ പകതീര്‍ക്കലിന്റെയോ തമാശയുടെയോ ഭാഗമാണെന്നാണ് ധരിച്ചത്. കൈനോട്ടക്കാരിയും വേടനുമൊക്കെ വേദിയില്‍ ആടിത്തകര്‍ത്ത ശേഷം, മല്‍സരഫലം വന്നപ്പോള്‍ ചെറിയ വ്യത്യാസം. പോസ്റ്ററിലെ ഒന്നാം സ്ഥാനക്കാരി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം സ്ഥാനക്കാരിക്ക് ഒന്നാം സ്ഥാനവും. പേര് പ്രത്യക്ഷ്യപ്പെട്ട അധ്യാപകരെ വളഞ്ഞപ്പോള്‍ കുട്ടികളുടെ വീട്ടുകാരാണ് ചരടുവലികള്‍ നടത്തിയത് എന്നായി മറുപടി.
മറ്റൊരു ജില്ലയില്‍ വേദിക്ക് മുമ്പിലത്തെിയ നൃത്താധ്യാപകന്‍'ആരും മത്സരിക്കേണ്ട ഇവിടെ സമ്മാനങ്ങളെല്ലാം വിറ്റുപോയി'എന്നാണ് വിളിച്ചുപറഞ്ഞത്. ഇവിടെ ഒരു നൃത്താധ്യാപകന്‍ പരിശീലിപ്പിച്ച കുട്ടികള്‍ക്കായിരുന്നു ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. സി.ബി.എസ്.ഇ സ്‌കൂള്‍ കലോത്സവത്തിന് സമ്മാനം'സംഘടിപ്പിക്കാന്‍'ശ്രമിച്ചതിന് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നൃത്താധ്യാപകനെ പൂട്ടിയിട്ടു. ഇയാള്‍ തന്നെ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനുമത്തെി. ഒടുവില്‍ വേദിയില്‍ നിന്ന് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് വിരട്ടിയോടിക്കുകയായിരുന്നു. ഏജന്റുമാരുടെ സഹായത്തോടെ നടക്കുന്ന സമ്മാന വില്‍പനകളില്‍ പണം നല്‍കിയ മത്സരാര്‍ഥികളെ വിധികര്‍ത്താക്കള്‍ക്ക് കാണിച്ചുകൊടുക്കുന്നത് ചില അടയാളങ്ങള്‍ വഴിയാണ്. നൃത്തയിനങ്ങളില്‍ പ്രത്യേകതരം മാലയായിരിക്കും അടയാളം. ഇത്തരം മാലയുമായി ഏജന്റുമാര്‍ നെട്ടോട്ടമായിരിക്കും.സി.ഡി പ്രവര്‍ത്തിക്കുന്നിടത്തും ചില അടയാളങ്ങളുണ്ട്. ചില ഏജന്റുമാര്‍ വിദ്യാര്‍ഥികളുടെ ഊഴം വരുമ്പോള്‍ വേദിക്ക് മുന്നില്‍ നിന്ന് സദസിലുള്ള ആരെയോ എന്ന രീതിയില്‍ കൈവീശും. കോഴിക്കോട് ജില്ലാകലോത്സവത്തില്‍ വിജിലന്‍സ് തന്നെ രംഗത്തത്തെിയിരുന്നു.
എറണാകുളത്ത് കൈക്കൂലി ആവശ്യപ്പെട്ട വിധികര്‍ത്താവിനെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കുടുക്കിയ സംഭവവും ഉണ്ടായി. മത്സരാര്‍ഥികളെ വിജയിപ്പിക്കാന്‍ നാലുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട നൃത്തവിഭാഗത്തിലെ വിധികര്‍ത്താവ് കണ്ണൂര്‍ സ്വദേശി ജയരാജിനെയാണ് കൈയ്യോടെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."