ടോംസ് കോളജ് ചെയര്‍മാന്റെ അറസ്റ്റ് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിലേക്ക്
കോട്ടയം: മറ്റക്കര ടോംസ് എന്‍ജിനീയറിങ് കോളജ് ചെയര്‍മാന്‍ ടോം ടി ജോസഫിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോളജിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രക്ഷോഭത്തിന്. ഇന്നലെ കോളേജിന് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ച് ഇവര്‍ കുത്തിയിരിപ്പ് സമരം നടത്തി.
അതേസമയം കോട്ടയം ജില്ലാ പൊലിസ് സൂപ്രണ്ടിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പള്ളിക്കത്തോട് പൊലിസ് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരടക്കം 16 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കോളേജില്‍ എത്തിയ സാങ്കേതിക സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.ജി.പി പത്മകുമാറും ഇവരില്‍നിന്നു തെളിവെടുപ്പ് നടത്തിയിരുന്നു.
അഞ്ഞൂറോളം പരാതികളാണ് രജിസ്ട്രാര്‍ക്ക് ലഭിച്ചത്. പരാതികള്‍ ഗൗരവമുള്ളതാണെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കിയിരുന്നു. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കോളേജിന്റെ അംഗീകാരം നഷ്ടമായേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മാനേജ്‌മെന്റിന് ഏതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഗുരുതരമായ ആരോപണങ്ങളാണുന്നയിച്ചത്. കോളേജ് മാനേജുമെന്റിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടെന്നും പല കോഴ്‌സുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. തനിക്കെതിരായ മൊഴികള്‍ കമീഷന് മുന്നില്‍ ചെയര്‍മാന്‍ ടോം സി ജോസഫ് നിഷേധിച്ചു. ലഭിച്ച മൊഴികളുടെയും ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കും തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി. തുടര്‍ന്ന് സര്‍ക്കാരിനും റിപ്പോര്‍ട്ട് കൈമാറും.
സാങ്കേതിക സര്‍വകലാശാല സര്‍ക്കാരിന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോളജിനെതിരെയുള്ള സര്‍ക്കാരിന്റെ അനന്തര നടപടികളുണ്ടാകുക. കോളേജിലെയും ഹോസ്റ്റലുകളിലെയും അപര്യാപ്തതകള്‍, ചെയര്‍മാന്റെ ഹോസ്റ്റല്‍ സന്ദര്‍ശനമടക്കമുള്ള ആരോപണങ്ങള്‍, അച്ചടക്കത്തിന്റെ പേരിലെടുക്കുന്ന അകാരണമായ പിഴയീടാക്കല്‍ , റാഗിങിന് സമാനമായ സംഭവങ്ങള്‍ , കോളേജില്‍ എത്തുന്ന രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റം എന്നിങ്ങനെയുള്ള പരാതികളാണ് വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."