തുരങ്കം ഒരുങ്ങുന്നു
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സബ്‌വേയുടെ നിര്‍മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നും രണ്ടാം പ്ലാറ്റ്‌ഫോമിനെ ബന്ധിപ്പിക്കുന്ന തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞു. തുരങ്കം ആരംഭിക്കുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മിച്ച കൂറ്റന്‍ കവാടവും സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് സബ്‌വേയിലേക്ക് ഇറങ്ങാനുള്ള പടികള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗതിയിലാണ്. അതിനുശേഷം വൈദ്യുത പ്രവൃത്തി കൂടി പൂര്‍ത്തിയായാല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. നാലു മാസത്തിനകം സബ്‌വേ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
23 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുള്ള സബ്‌വേ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വടക്ക് ഭാഗത്താണ് നിര്‍മിക്കുന്നത്. ഉയരം 2.75 മീറ്ററാണ്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ആറിനായിരുന്നു സബ്‌വേയുടെ പ്രവൃത്തി ഉദ്ഘാടനം പി.കെ ശ്രീമതി എം.പി നിര്‍വഹിച്ചത്. 1.72 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. സബ്‌വേ നിര്‍മാണത്തിനൊപ്പം എസ്‌കലേറ്റര്‍ നിര്‍മാണവും റെയില്‍വേ സ്റ്റേഷനില്‍ പുരോഗമിക്കുകയാണ്. എസ്‌കലേറ്ററിന്റെ യന്ത്രഭാഗങ്ങളെല്ലാം കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചുകഴിഞ്ഞു.
സബ്‌വേയും എസ്‌കലേറ്ററും യാഥാര്‍ഥ്യമാകുന്നതോടെ റെയില്‍വേ സ്റ്റേഷനില്‍ മേല്‍പ്പാലത്തിലെ തിരക്ക് ഗണ്യമായി കുറയും. ഒരു ട്രെയിന്‍ വന്നാല്‍പോലും നിലവില്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ട് മേല്‍പ്പാലങ്ങളിലും ഏറെനേരം യാത്രക്കാരുടെ തിക്കും തിരക്കും അനുഭവപ്പെടാറുണ്ട്.
ഇതിനേത്തുടര്‍ന്ന് മേല്‍പ്പാലങ്ങള്‍ വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്നു നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും സൗകര്യമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പി.കെ ശ്രീമതി എം.പി മുന്‍കൈയെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് എസ്‌കലേറ്ററും സബ്‌വേയും അനുവദിപ്പിച്ചത്.
ഈറോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.വി.എം കമ്പനിക്കാണ് നിര്‍മാണ ചുമതല. പാലക്കാട് ഡിവിഷനു കീഴില്‍ കേരളത്തിലെ ആദ്യത്തെ സബ്‌വേയാണ് കണ്ണൂരിലേത്. പാലക്കാട് ഡിവിഷനു കീഴില്‍ പൊള്ളാച്ചിയില്‍ മാത്രമാണ് നിലവില്‍ ഓവര്‍ ബ്രിഡ്ജ് അടക്കം സബ്‌വേ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."