രാമക്ഷേത്രം: മോദി ഉറപ്പ് നല്‍കണമെന്ന് അയോധ്യയിലെ സന്ന്യാസിമാര്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊട്ടാല്‍പ്പൊള്ളുന്ന രാമക്ഷേത്രവിഷയം പരസ്യമായി ഉന്നയിക്കാതെ പ്രചാരണം നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും നീക്കത്തിനെതിരേ സംഘപരിവാര പിന്തുണയുള്ള സന്ന്യാസിമാര്‍. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാമക്ഷേത്ര നിര്‍മാണം പ്രധാന അജണ്ടയായിരിക്കണമെന്ന് അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്തു സ്ഥിതിചെയ്യുന്ന താല്‍ക്കാലിക ക്ഷേത്രത്തിലെ മുഖ്യ സന്ന്യാസിയായ ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു.
രാമക്ഷേത്രം വിഷയമാക്കിയില്ലെങ്കില്‍ ബി.ജെ.പിക്ക് സന്ന്യാസിമാര്‍ വോട്ട് ചെയ്യില്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാട് വ്യക്തമാക്കണമെന്നും സത്യേന്ദ്രദാസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ എന്നിവര്‍ രാമക്ഷേത്രം പോലുള്ള വിവാദ വിഷയങ്ങള്‍ ഉന്നയിക്കാതെ കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുകയും ഒപ്പം, ഇവരുടെ മൗനാനുവാദത്തോടെ സംഘപരിവാരത്തിലെ രണ്ടാംനിര നേതാക്കള്‍ രാമക്ഷേത്ര വിഷയം ആളിക്കത്തിക്കുന്ന വിധത്തിലും പ്രചാരണം നടത്താനായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രം.
ഈ തന്ത്രത്തിനു തിരിച്ചടിയാണ് സന്ന്യാസിമാരുടെ ആവശ്യം.
രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് നരേന്ദ്രമോദി ഉറപ്പുതന്നാല്‍ മാത്രമേ സന്ന്യാസിമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാന്‍ ഹിന്ദു വോട്ടര്‍മാരോട് അഭ്യര്‍ഥിക്കൂ.
ഉത്തര്‍പ്രദേശിലെ സന്ന്യാസിമാരുടെ പിന്തുണ ലഭിച്ചാല്‍ തീര്‍ച്ചയായും ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനാവുമെന്ന് അവകാശപ്പെട്ട സത്യേന്ദ്രദാസ്, മോദി അടിയന്തരമായി അയോധ്യ സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കണമെന്നാണു സന്ന്യാസിമാരുടെ ആവശ്യം.
അയോധ്യയിലെ രാമക്ഷേത്രം പ്രസ്ഥാനത്തെ ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും രാമക്ഷേത്ര വിഷയം ബി.ജെ.പി പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നില്ലെന്നും അയോധ്യയിലെ റാസിക് നിവാസ് ക്ഷേത്രത്തിലെ മുഖ്യ സന്ന്യാസി രഘുവര്‍ ശരന്‍ ആരോപിച്ചു.
മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി, മുന്‍കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, കേന്ദ്ര ജലവിഭവമന്ത്രി ഉമാഭാരതി അടക്കമുള്ള മുഴുവന്‍ ആളുകളും അയോധ്യാ വിഷയം ഉയര്‍ത്തിയതു രാഷ്ട്രീയ നേട്ടത്തിനായിരുന്നു.
ഇവര്‍ ആരും രാമക്ഷേത്ര വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയിട്ടില്ലെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ പോലും ഈ നേതാക്കള്‍ തയാറായിട്ടില്ലെന്നും ശരന്‍ കുറ്റപ്പെടുത്തി.
യു.പിയില്‍ നടന്ന നിരവധി റാലികളില്‍ മോദിയും അമിത്ഷായും പങ്കെടുത്തിരുന്നുവെങ്കിലും ഇതുവരെ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചു പരസ്യപ്രസ്താവന പുറപ്പെടുവിച്ചിരുന്നില്ല.
എന്നാല്‍ ലഖ്‌നോയില്‍ ദസറ ആഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ജയ്ശ്രീരാം വിളിയോടെ പ്രസംഗം അവസാനിപ്പിച്ചു രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് ബി.ജെ.പി അണികളെ ഓര്‍മിപ്പിച്ചിരുന്നു.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നതിനും മുന്‍പുതന്നെ രാമക്ഷേത്ര നിര്‍മാണം ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലൊക്കെയും ബി.ജെ.പിയുടെ പ്രധാന രാഷ്ട്രീയ അജണ്ടയാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരം ലഭിച്ചിരുന്നെങ്കിലും രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പി ഇതുവരെ താല്‍പര്യം കാട്ടിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."