കാഴ്ച പരിമിതരുടെ ടി20 ലോകകപ്പ് മത്സരങ്ങള്‍ കൊച്ചിയില്‍
കൊച്ചി: കാഴ്ച പരിമിതരുടെ രണ്ടാമത് ടി20 ലോകകപ്പ് മത്സരങ്ങള്‍ക്കു കൊച്ചിയും വേദിയാകും. ഈ മാസം 29 മുതല്‍ ഫെബ്രുവരി 12 വരെയാണ് പോരാട്ടം. ഫെബ്രുവരി അഞ്ചിനും ആറിനും നടക്കുന്ന മത്സരങ്ങള്‍ക്കാണു കൊച്ചി ആതിഥേയരാകുന്നത്. ഇന്ത്യ, ആസ്ത്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നേപ്പാള്‍, ന്യൂസിലന്‍ഡ്, പാകിസ്താന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകളാണു മാറ്റുരയ്ക്കുക. അഞ്ചിനു നടക്കുന്ന ഇന്ത്യ- ആസ്ത്രേലിയ മത്സരത്തിനും ആറിനു നടക്കുന്ന ആസ്ത്രേലിയ- ശ്രീലങ്ക മത്സരത്തിനും വേദിയാകുന്നതു കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടാണ്. കൊച്ചിക്കു പുറമേ ഡല്‍ഹി, ഫരീദാബാദ്, ഇന്‍ഡോര്‍, മുംബൈ, ഗുജറാത്ത്, ബംഗളൂരു, കട്ടക്ക്, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിലാണു മറ്റു മത്സരങ്ങള്‍. സെമി ഫൈനലും ഫൈനലും ഉള്‍പ്പെടെ 48 മത്സരങ്ങളാണു നടക്കുന്നത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. അജയ് റെഡ്ഡിയാണ് 17 അംഗ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ടീമില്‍ മലയാളിയായ എ മുഹമ്മദ് ഫര്ഹാന് ഇടം നേടിയിട്ടുണ്ട്. 2014ല്‍ നടന്ന ലോകകപ്പിലും അംഗമായിരുന്ന ഫര്ഹാന് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ സ്വദേശിയാണ്. നിലവില്‍ കാഴ്ച പരിമിതര്‍ക്കുള്ള കേരള ടീം ക്യാപ്റ്റന്‍ കൂടിയാണ് ഫര്ഹാന്. ഇന്ത്യന്‍ ടീം ഇപ്പോള്‍ ഇന്‍ഡോറില്‍ ആരംഭിച്ച ക്യാംപില്‍ പരിശീലനത്തിലാണ്. വാര്‍ത്താ സമ്മേളനത്തില്‍ ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റി, ട്രഷറര്‍ സന്തോഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."