കോഹ്‌ലി യുഗത്തിന് ആരംഭം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ കോഹ്‌ലി യുഗത്തിന് ഇന്നു ആരംഭം. ടെസ്റ്റ് നായകനായിരുന്ന കോഹ്‌ലി എല്ലാ ഫോര്‍മാറ്റിലേയും നായകനായ ശേഷമുള്ള ആദ്യ ഏകദിന പോരാട്ടത്തിനാണു ഇന്നു പൂനെയില്‍ തുടക്കമാകുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരമാണു പകലും രാത്രിയുമായി ഇന്നു ആംരഭിക്കുന്നത്. ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തിലാണ് ഇംഗ്ലീഷ് പട പോരിനെത്തുന്നത്. ഏകദിന, ടി20 നായകനായിരുന്ന എം.എസ് ധോണി അപ്രതീക്ഷിതമായി നായക സ്ഥാനമൊഴിഞ്ഞതോടെയാണ് ടെസ്റ്റില്‍ മാത്രം ഇന്ത്യയെ നയിച്ച കോഹ്‌ലിയെ തന്നെ ധോണിയുടെ പിന്‍ഗാമിയായി വാഴിച്ചത്.
ഏകദിന റാങ്കിങില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ നില്‍ക്കുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ജൂണില്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ ഏകദിനം കളിക്കുക. അതിനിടയില്‍ മറ്റൊരു ടീമുമായും ഇന്ത്യക്ക് ഏകദിനം കളിക്കാന്‍ അവസരമില്ല. അതിനാല്‍ തന്നെ കോഹ്‌ലിയുടെ വാഴ്ച കിരീട നേട്ടത്തോടെ തന്നെയാകണമെന്നു ടീം ആഗ്രഹിക്കുന്നുണ്ടാകും. ടെസ്റ്റിലെ തോല്‍വിക്കു പകരം ചോദിക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ട്. ഏകദിന റാങ്കിങില്‍ അഞ്ചാം സ്ഥാനത്താണവര്‍. ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷമായി ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിയാത്ത ഇംഗ്ലണ്ട് ആ കുറവ് നികത്താമെന്ന പ്രത്യാശയും പുലര്‍ത്തുന്നുണ്ടാകും.
2007നു ശേഷം ക്യാപ്റ്റന്‍ സ്ഥാനത്തിന്റെ ഭാരമില്ലാതെ ധോണി കളിക്കാനിറങ്ങുന്ന ആദ്യ മത്സരമായി ഇന്നത്തെ പോരാട്ടം മാറും. ഒപ്പം മൂന്നു വര്‍ഷമായി ഇന്ത്യക്കായി ഏകദിനം കളിക്കാത്ത വെറ്ററന്‍ യുവരാജ് സിങിന്റെ തിരിച്ചു വരവും ഇന്നത്തെ മത്സരത്തെ ശ്രദ്ധേയമാക്കുന്നു. ഇംഗ്ലണ്ട് ഇലവനെതിരായ സന്നാഹ മത്സരം രണ്ടും വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണു ഇന്ത്യ. യുവരാജ്, ധോണി, അജിന്‍ക്യ രഹാനെ തുടങ്ങിയവര്‍ ഫോമിലാണെന്നതും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയ്ക്ക് ഓപണറായി അവസരം ലഭിച്ചേക്കും. ഒപ്പം ധവാനോ രാഹുലോ ആയിരിക്കും കൂട്ട്. ടീമില്‍ യുവരാജിനു സ്ഥാനം ഉറപ്പാകുമ്പോള്‍ മധ്യനിരയിലേക്ക് മനീഷ് പാണ്ഡെ. കേദാര്‍ ജാദവ് എന്നിവരില്‍ ഒരാള്‍ക്ക് അവസരം ലഭിച്ചേക്കും. ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്‌റ എന്നിവരും അന്തിമ ഇലവനിലുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."