കാണാതായ വിദ്യാര്‍ഥികളെ ചെന്നൈയില്‍ കണ്ടെത്തി
കാഞ്ഞങ്ങാട്: ഒരു മാസം മുമ്പു കാണാതായ സ്കൂള്‍ വിദ്യാര്‍ഥിനി ഫാത്വിമത്ത് മുബഷിറയേയും അതേ സ്കൂളിലെ വിദ്യാര്‍ഥിയായ പുല്ലൂരിലെ മുഹമ്മദ് നിയാസിനേയും ചെന്നൈയില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശിയായ മുരുകനെന്ന ആളുടെ സഹായത്തോടെയാണ് വിദ്യാര്‍ഥികള്‍ ചെന്നൈയിലെത്തിയതെന്നാണ് സൂചന. ഇയാളുടെ സഹായത്തോടെ നിയാസ് അവിടെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വന്നിരുന്നതായും പറയുന്നു. ഇതിനിടയില്‍ ഇവരെ കാണാതായ വാര്‍ത്തകള്‍ ശ്രദ്ധയില്പെട്ടവരാണു നിയാസിനോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി ഇവരെ പിടിച്ചു വെച്ചത്. വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനു വേണ്ടി പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരുന്നതിന് വേണ്ടി പൊലിസ് സംഘം ഇന്നലെ രാവിലെ ചെന്നൈയിലേക്ക് പോയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്പതിനു രാവിലെയാണ് ഇരുവരേയും കാണാതായത്. ഇരുവരുടേയും ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലിസ് ഊര്‍ജിതമായ അന്വേഷണം നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിരുന്നു. ഈ മാസം പത്തിനു കുട്ടിയെ ഹാജരാക്കണമെന്നു കോടതി അന്വേഷണ സംഘത്തോട് ഉത്തരവിട്ടിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെട്ടു പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി പ്രത്യക്ഷ സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."