ദേവകി വധം; അന്വേഷണം ഊര്‍ജിതമാക്കി
പെരിയാട്ടടുക്കം: കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (65) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി ഇന്നലെ പരിയാരം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് ദേവകിയെ സ്വന്തം വീട്ടിനകത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാവാട കൊണ്ട് കഴുത്തു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനിടയില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ബേക്കല്‍ സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
മരണകാരണം സംബന്ധിച്ചു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളുവെന്നു കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, ബേക്കല്‍ സി.ഐ വിശ്വംഭരന് എന്നിവര്‍ പറഞ്ഞു. ഇന്നലെ രാവിലെ പൊലിസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്നു പൊലിസ് വിശദമായ പരിശോധന നടത്തി വരികയാണ്. ഇതിനിടെ ദേവകിയുടെ വീട്ടുപരിസരത്തു നിന്നു കൊലയാളിയുടേതെന്നു സംശയിക്കുന്ന ആധാര്‍ കാര്‍ഡ് പൊലിസ് കണ്ടെത്തിയതായി സൂചനയുണ്ട്.
സ്വന്തം വീട്ടില്‍ തനിച്ചായിരുന്നു ദേവകി താമസിച്ചിരുന്നത്. ഇവരുടെ മകനും ഭാര്യയും കുട്ടികളും സമീപത്തുള്ള മറ്റൊരു വീട്ടിലാണു താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."