ഗുരുവായൂര്‍-തിരുന്നാവായ പാതയില്‍ ചൂളംവിളി..?
മാറഞ്ചേരി: ഗുരുവായൂര്‍-തിരുന്നാവായ റെയില്‍പാത പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ക്കു വീണ്ടും ചിറകുമുളക്കുന്നു. പാത കൊണ്ടുപോകേണ്ട പ്രദേശം തീരുമാനിക്കുമ്പോഴുണ്ടാകുന്ന പ്രദേശവാസികളുടെ എതിര്‍പ്പാണ് പദ്ധതി അനന്തമായി നീളാന്‍ കാരണമായിരുന്നത്. ഗുരുവായൂരിനെയും കുറ്റിപ്പുറത്തെയും ബന്ധിപ്പിക്കുന്ന രീതിയില്‍ പാത വിഭാവനം ചെയ്‌തെങ്കിലും മൂലധനം ഏറെ വര്‍ധിക്കുമെന്ന വാദത്തെ മുന്‍നിര്‍ത്തി നേരത്തേ അത് ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് കോള്‍നിലങ്ങളിലൂടെ കടന്നുപോകുന്ന രീതിയില്‍ ഗുരുവായൂരില്‍നിന്നു തിരുന്നാവായയിലേക്കു നേരിട്ടു ബന്ധിപ്പിക്കുന്ന രീതിയില്‍ പാത യാഥാര്‍ഥ്യക്കാനുള്ള തീരുമാനമാണുണ്ടായത്. ഇതിനായി തുടങ്ങിയ സര്‍വേ പാത കടന്നുപോകേണ്ട മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വടമുക്കില്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടന്ന് അവസാനിപ്പിക്കേണ്ടിവന്നു. ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ നിരവിധി പേര്‍ ഭവനരഹിതരാകുമെന്നും കോള്‍നിലങ്ങള്‍ വലിയ രീതിയില്‍ മണ്ണിട്ട് നികത്തേണ്ടിവരുമെന്നും ആരോപിച്ച് ജനങ്ങള്‍ രംഗത്തെത്തിയതോടെയാണ് സര്‍വേ നിര്‍ത്തിവച്ചിരുന്നത്.
പിന്നീടാണ് തീരദേശത്തുകൂടി കടന്നുപോകുന്ന കനോലി കനാലിനു സമാന്തരമായി പാത പരിഗണിക്കാന്‍ തീരുമാനമായത്. കനോലി കനാലിനു സമീപത്തുകൂടിയാകുമ്പോള്‍ ആളുകളെ കുടിയൊഴിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഇവിടെ പരിഗണിക്കാനുള്ള പ്രധാന കാരണം. പാത കടന്നുപോകേണ്ട ചിലയിടങ്ങളില്‍ നടന്ന സര്‍വേ പൊതുജനങ്ങള്‍ തടഞ്ഞതോടെ വീണ്ടും പദ്ധതി അനിശ്ചിതത്വത്തിലായി.
എന്നാല്‍, കഴിഞ്ഞയാഴ്ച മലപ്പുറം കലക്ടറേറ്റില്‍ നടന്ന റവന്യൂ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വീണ്ടും സര്‍വേ സടപടികള്‍ ആരംഭിക്കാനും ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിക്കാനും തീരുമാനമായിട്ടുണ്ട്. കനോലി കനാലിനു അന്‍പതു മീറ്റര്‍ മാറിയാണ് പാത നിര്‍മിക്കാന്‍ പദ്ധതിയിടുന്നത്. മലപ്പുറം ജില്ലയില്‍ പെരുമ്പടപ്പ്, വെളിയങ്കോട്, മാറഞ്ചേരി, കാലടി, തവനൂര്‍ പഞ്ചായത്തുകളിലൂടെയാണ് പാത കടന്നുപോകുക.
നിലവില്‍ കനോലി കനാലിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു റെയില്‍പാതയ്‌ക്കെതിരേ സമരപരിപാടികളുമായി മുന്നോട്ടുവന്നിരുന്നു. ഇവരുമായി സംസാരിച്ചു നിലവിലെ ആശങ്കകള്‍ തീര്‍ത്ത് തക്കതായ പ്രതിഫലം ഭൂവുടമകള്‍ക്കു നല്‍കാനുള്ള ധാരണയോടെ മൂന്നാഴ്ചയ്ക്കുള്ളില്‍ സര്‍വേ നടപടികള്‍ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."