ശീതക്കാറ്റ് തുടരുന്നു; തണുത്തുവിറച്ച് ഉത്തരേന്ത്യ
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ശീതക്കാറ്റിനെ തുടര്‍ന്ന് അതിശൈത്യം മാറ്റമില്ലാതെ തുടരുന്നു. രൂക്ഷമായ തണുപ്പിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഒന്‍പതു മരണം റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനത്ത് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പുറമെ, ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ജമ്മു കശ്മിരിലും കനത്ത മഞ്ഞുവീഴ്ചയും തണുപ്പും തുടരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉത്തരേന്ത്യയിലെ മിക്ക പ്രധാന നഗരങ്ങളിലും സാധാരണ താപനിലക്കും താഴെയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ടമെന്റ്(എം.ഇ.ടി) അറിയിച്ചു. ഈമാസം 21നു സ്ഥിതിഗതികള്‍ സാധാരണഗതിയിലെത്തുമെന്നും കേന്ദ്രം നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശില്‍ തലസ്ഥാനമായ ലഖ്‌നോയില്‍ ഏറ്റവും താഴ്ന്ന താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തത്. 0.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഇത് എത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നഗരത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. സംസ്ഥാനത്ത് ഏറ്റവും ശൈത്യം റിപ്പോര്‍ട്ട് ചെയ്ത നഗരവുമാണ് ലഖ്‌നോ. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ കാണ്‍പൂരിലും കന്നോജിലുമായി കടുത്ത തണുപ്പിനെ തുടര്‍ന്ന് ഒന്‍പതോളം പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ കാലാവസ്ഥ 19 വരെ തുടരുമെന്നും അതിനു ശേഷം സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഡല്‍ഹിയില്‍ കനത്ത ശൈത്യം മാറ്റമില്ലാതെ തുടരുകയാണ്. മൂന്നു ദിവസത്തോളമായി 3.2 ഡിഗ്രി സെല്‍ഷ്യസാണ് തലസ്ഥാനത്തെ താപനില. ഇതിനിടയിലും സര്‍ക്കാര്‍ ഓഫിസുകളിലടക്കം പ്രവര്‍ത്തനം മുടക്കമില്ലാതെ തുടരുന്നുണ്ട്. തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രം ധരിച്ചാണു ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത്. കനത്ത ശൈത്യത്തെ തുടര്‍ന്ന സ്‌കൂളുകളിലെ ശൈത്യകാല അവധി 19 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കാലാവസ്ഥ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന മറ്റൊരു ഉത്തരേന്ത്യന്‍ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. വിനോദസഞ്ചാര കേന്ദ്രങ്ങളായ ഷിംല, ദാല്‍ഹൗസി, മണാലി, നാര്‍കാണ്ട, കുഫ്‌രി, കല്‍പ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കടുത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തണുപ്പ് കൂടുതല്‍ രൂക്ഷമാകുമെന്നു പ്രവചിച്ച കേന്ദ്രം അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തു വീശാനിടയുള്ള സൈബീരിയന്‍ കാറ്റ് താപനില വീണ്ടും താഴാനിടയാക്കുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും ശൈത്യം നിറഞ്ഞ രാത്രിയാണ് ജമ്മു കശ്മിരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലഡാക്കിലെ കാര്‍ഗില്‍ നഗരത്തില്‍ മൈനസ് 15.6ഉം ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലും യഥാക്രമം 14.4ഉം മൈനസ് 12 ഉം ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി. അതിശക്തമായ ശീതക്കാറ്റു കാരണം 40 ദിവസമായി തണുത്തുവിറച്ചാണു സംസ്ഥാനം കഴിയുന്നത്. കഴിഞ്ഞ ഡിസംബര്‍ 21നു തുടങ്ങിയ കാലാവസ്ഥ ഈമാസം അവസാനം വരെ തുടരുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
ഗുജറാത്തിലെ വഡോദരയില്‍ രണ്ടു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 6.5 ഡിഗ്രി സെല്‍ഷ്യസ്. 2008 ജനുവരി 25ന് എട്ട് ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിനു മുന്‍പ് നഗരത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."