മോഷണ മുതല്‍ തിരിച്ചുകിട്ടാന്‍
അംഗശുദ്ധി വരുത്താന്‍ ടൈഗ്രീസിലേക്കിറങ്ങിയതായിരുന്നു സൂഫിയായ മഅ്‌റൂഫുല്‍ കര്‍ഖി. അപ്പോഴാണു താന്‍ കരയില്‍ വച്ചിരുന്ന പുതപ്പും മുസ്ഹഫും ഏതോ പെണ്ണു വന്ന് എടുത്തു കൊണ്ടുപോകുന്നത്. അതു ശ്രദ്ധയില്‍പെട്ട മഅ്‌റൂഫ് പെണ്ണിനെ വിടാതെ പിന്തുടര്‍ന്നു. എന്നിട്ട് അവളോടു പറഞ്ഞു: 'സഹോദരീ, ഞാന്‍ മഅ്‌റൂഫാണ്. നീ അതെടുത്തതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. നിനക്ക് ഖുര്‍ആന്‍ ഓതുന്ന മകനുണ്ടോ..'
അവള്‍ പറഞ്ഞു: 'ഇല്ല...' 'എന്നാല്‍ ഖുര്‍ആന്‍ ഓതുന്ന ഭര്‍ത്താവുണ്ടോ..' 'ഇല്ല..'
'എങ്കില്‍ വസ്ത്രം നീ എടുത്തോ.. ആ മുസ്ഹഫ് ഇങ്ങ് തന്നേക്കൂ..!'
ആവശ്യക്കാരനായതു കൊണ്ടാണ് മോഷ്ടാവ് മോഷണം നടത്തുന്നത്. ആവശ്യം നേടിയെടുക്കാന്‍ അവന്‍ സ്വീകരിക്കുന്ന മാര്‍ഗം വളഞ്ഞതാണെങ്കിലും അവനോടു കാണിക്കുന്ന നമ്മുടെ സമീപനം ഒരിക്കലും വളയാന്‍ പാടില്ല. പാവമല്ലേ, അവന്‍ മോഷ്ടിച്ചത് അവനങ്ങു വിട്ടുകൊടുക്കുക. വിട്ടുകൊടുക്കാതിരുന്നാല്‍ ഈ ലോകത്തും പരലോകത്തും അവന്‍ പിടികൂടപ്പെടും. നമ്മുടെ ചെലവില്‍ മറ്റൊരാള്‍ നരകാവകാശിയാകുന്നതെന്തിന്... മഅ്‌റൂഫുല്‍ കര്‍ഖിയുടെ ചിന്ത ഈ വഴിക്കാണു പോയതെങ്കില്‍ അദ്ദേഹത്തിന്റെ മനസിന്റെ വിശാലത എത്രയായിരിക്കുമെന്നോര്‍ത്തു നോക്കൂ. ഈ വിശാലമനസിനു നഷ്ടം എന്നു പറയാവുന്ന വല്ലതും സംഭവിക്കുമോ...
ഒരിക്കല്‍ ക്ലാസെടുത്തു കൊണ്ടിരിക്കെ ഗുരു തന്റെ ശിഷ്യന്മാരോടു ചോദിച്ചു: 'മോഷണം പോയ സാധനം തിരിച്ചുകിട്ടാനുള്ള മര്‍ഗമെന്താണ്? ശിഷ്യന്മാര്‍ പറഞ്ഞു: 'മോഷ്ടാവിനെ പിടികൂടുകതന്നെ'
'മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലോ...'
'സാധനം തിരഞ്ഞുപിടിക്കുക'
'എത്ര തിരഞ്ഞിട്ടും സാധനം തിരിച്ചുകിട്ടിയില്ലെങ്കിലോ...'
'എങ്കില്‍ സാധനം പോയതുതന്നെ. പിന്നെ എങ്ങനെ തിരിച്ചുകിട്ടാനാണ്'
'തീരെ തിരിച്ചുകിട്ടിയില്ലെങ്കില്‍ തിരിച്ചുകിട്ടാന്‍ മാര്‍ഗമുണ്ട്. അതു ഞാന്‍ പറഞ്ഞുതരണോ?'
'ഒരിക്കലും തിരിച്ചുകിട്ടാത്ത സാധനം എങ്ങനെയാണു തിരിച്ചുകിട്ടുക... നടക്കുന്ന സംഭവമാണോ അത്...' ശിഷ്യന്മാര്‍ക്ക് വല്ലാത്ത അത്ഭുതം. അവരുടെ ഈ സംശയത്തിനു ഗുരു ഇങ്ങനെ മറുപടി പറഞ്ഞു:
'തീരെ തിരിച്ചുകിട്ടിയില്ലെങ്കില്‍ തിരിച്ചുകിട്ടാനുള്ള മാര്‍ഗം മോഷ്ടാവിനു പൊരുത്തപ്പെട്ടു കൊടുക്കുക എന്നതാണ്. പൊരുത്തപ്പെട്ടു കൊടുക്കുന്നതോടെ സാധനം നിങ്ങള്‍ക്ക് ഇരട്ടിക്കിരട്ടി പ്രതിഫലമായി തിരിച്ചുകിട്ടും. പക്ഷേ, ഈ ലോകത്തു വച്ചല്ല, പരലോകത്തു വച്ച് '
നമ്മില്‍നിന്നു മോഷണംപോയ സാധനം തിരിച്ചുകിട്ടാനുള്ള ഏറ്റവും ലളിതവും എന്നാല്‍ കഠിനവുമായ മാര്‍ഗം മോഷ്ടാവിന് അതു സംഭാവനയായി വിട്ടുകൊടുക്കുക എന്നുള്ളതാണ്. വിട്ടുകൊടുക്കുന്നതോടുകൂടി മോഷ്ടാവ് പാപരഹിതനായിത്തീരുന്നു. നമ്മുടെ പദവി ഉയരുകയും ചെയ്യുന്നു. മോഷണംപോയ സാധനം നമുക്കു പരലോകത്തേക്കുള്ള നിക്ഷേപമായി മാറുന്നു. മോഷ്ടാവിനത് ഈ ലോകത്തു പ്രയോജനപ്പെടുത്താവുന്ന സാധനവുമായിത്തീരുന്നു. രണ്ടുപേര്‍ക്കും നഷ്ടം സംഭവിക്കുന്നില്ല. പകരം രണ്ടുപേര്‍ക്കും ലാഭമാണുണ്ടാവുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷിയല്ല, കൂട്ടപക്ഷികളാണ് കൈയില്‍ കിട്ടുന്നത്.
ഇനി വിട്ടുകൊടുക്കാതിരുന്നാല്‍ എന്താണു സംഭവിക്കുകയെന്നോര്‍ത്തുനോക്കൂ... മോഷണംപോയ സാധനം നമുക്കു നഷ്ടപ്പെട്ടു. ഒപ്പം ധാനത്തിന്റെ പ്രതിഫലവും നഷ്ടപ്പെട്ടു. വിട്ടുകൊടുക്കാതിരിക്കുക മൂലം നമ്മുടെ പദവി കുറയുകയല്ലാതെ ഒരടി പോലും കൂടുന്നില്ല. മോഷ്ടാവാണെങ്കില്‍ ഇരുലോകത്തും പരലോകത്തും കുറ്റവാളിയായി തീരുകയും ചെയ്യുന്നു. ചുരുക്കത്തില്‍, രണ്ടുപേര്‍ക്കും പൊരിഞ്ഞ നഷ്ടം.
പണ്ഡിതനായ ഇമാം നവവി (റ) ലാഭം കൊയ്ത മഹാനായിരുന്നു. ഒരിക്കല്‍ തന്റെ തൊപ്പി ഒരുത്തന്‍ മോഷ്ടിച്ചെടുത്ത് കൊണ്ടുപോയപ്പോള്‍ ഇമാമവര്‍കള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഓടി. ഉടമസ്ഥന്‍ തന്നെ പിന്തുടരുന്നുവെന്നു കണ്ടപ്പോള്‍ കള്ളനും ഓടടാ ഓട്ടം...
ഇമാമവര്‍കള്‍ തന്നെ പിടികൂടാനാണു പിന്നാലെ വരുന്നതെന്നായിരുന്നു കള്ളന്‍ കരുതിയിരുന്നത്. പക്ഷേ, ഇമാം ഓടിയത് അതിനായിരുന്നില്ല. തൊപ്പി അയാളോട് എടുത്തോളൂ എന്നു പറയാനായിരുന്നു. കള്ളനോട് ഇമാമവര്‍കള്‍ വിളിച്ചു പറഞ്ഞു:
'തൊപ്പി നീ എടുത്തോളൂ... ഞാനതു നിനക്ക് തന്നിരിക്കുന്നു...'
നൂറ്റാണ്ടുകള്‍ പലതുകഴിഞ്ഞിട്ടും ഇമാം നവവിയുടെ ഈ സംഭവം ഇപ്പോഴും ഓര്‍മിക്കപ്പെടുന്നു. അതിന്റെ പേരില്‍ വീണ്ടും വീണ്ടും വാഴ്ത്തപ്പെടുന്നു. ഒരു തൊപ്പിയേ നഷ്ടപ്പെട്ടിട്ടുള്ളൂ. നഷ്ടപ്പെട്ട ആ തൊപ്പിയെ ആയിരമായിരം പൊന്‍കിരീടങ്ങളാക്കി തിരിച്ചുപിടിച്ചു ആ മഹാന്‍. നഷ്ടത്തെ ലാഭമാക്കാന്‍ ഇത്തരക്കാര്‍ക്കല്ലാതെ മാറ്റാര്‍ക്കുണ്ട് കഴിവ്...?
ലാഭം കണ്ടിട്ടും നഷ്ടം തിരഞ്ഞെടുക്കുന്നത് ബുദ്ധിയല്ല. നഷ്ടത്തെ വീണ്ടും നഷ്ടങ്ങളാക്കി പരിവര്‍ത്തിപ്പിക്കരുത്. ലാഭമാക്കാനുള്ള വഴിയുണ്ടോ എന്ന അന്വേഷണമാണ് ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."