ചെക്‌പോസ്റ്റ് തകര്‍ത്ത് കുരുമുളക് കടത്തി തകര്‍ത്തത് വാണിജ്യനികുതി വകുപ്പിന്റെ ബാരിക്കേട് ജീവനക്കാരന് പരുക്ക്
നെടുങ്കണ്ടം: കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ വാണിജ്യനികുതി വകുപ്പിന്റെ ബാരിക്കേഡ് തകര്‍ത്ത് വാഹനത്തില്‍ തമിഴ്‌നാട്ടിലേക്ക് കുരുമുളക് കടത്തി. സംഭവത്തില്‍ ചെക്ക്‌പോസ്റ്റ് ജീവനക്കാരനു പരിക്കേറ്റു. വാണിജ്യ നികുതി വകുപ്പ് അധികൃതരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബാരിക്കേടിന്റെ കയര്‍ പിടിച്ചിരുന്ന ജീവനക്കാരന്‍ കട്ടപ്പന സ്വദേശി സോണി മാത്യുവിനാണ് പരുക്കേറ്റത്. കൈക്കും തോളിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12.15 നാണു സംഭവം. തമിഴ്‌നാട്ടിലേക്ക് കുരുമുളകുമായി വന്ന കെ.എല്‍.06 എച്ച്.1456 പിക്അപ് ജീപ്പ്, നികുതി വകുപ്പ് അധികൃതര്‍ കൈകാണിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്ന് സൈഡിലേക്ക് ഒതുക്കി നിര്‍ത്താനെന്ന ഭാവേന വാഹനം ഒരുവശത്തേക്ക് വെട്ടിച്ചശേഷം ബാരിക്കേട് ഇടിച്ച് തകര്‍ത്ത് അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് ഓടിച്ചുപോകുകയായിരുന്നു. ഈസമയത്ത് ബാരിക്കേടിന്റെ കയറില്‍ പിടിച്ചിരിക്കുകയായിരുന്നു സോണി.
വാഹനത്തിന്റെ രജിസ്‌ട്രേഡ് ഉടമ ചേലച്ചുവട് സ്വദേശിയാണെന്ന് കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് ഇതേവാഹനത്തില്‍ അനധികൃതമായി അതിര്‍ത്തി കടത്താന്‍ ശ്രമിച്ച കുരുമുളക് നികുതി വകുപ്പ് പിടികൂടി ഒന്നേകാല്‍ ലക്ഷത്തോളം രുപ പിഴ ഈടാക്കിയിരുന്നു.
അതിര്‍ത്തി ചെക്‌പോസ്റ്റുവഴി നികുതി വെട്ടിച്ച് എലം, കുരുമുളക്, എടനതൊലി തുടങ്ങിയവ വ്യാപകമായി കടത്തുന്നുണ്ട്.
ഇതിനായി വിവിധ സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പലപ്പോഴും ചില രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുള്ളതായും നികുതി വകുപ്പ് അധികൃതര്‍ പറയുന്നു. അതിര്‍ത്തികളിലൂടെയുള്ള കള്ളക്കടത്ത് വ്യാപകമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കാത്തത് ആക്ഷേപത്തിന് ഇടയാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."