മകരജ്യോതി ദര്‍ശിക്കാന്‍ പുല്ലുമേട്ടില്‍ എത്തിയത് ആയിരങ്ങള്‍
തൊടുപുഴ: പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞതോടെ പുല്ലുമേട്ടില്‍ മണിക്കൂറുകളോളം കാത്തിരുന്ന അയ്യപ്പഭക്തര്‍ ദര്‍ശന സായൂജ്യത്തോടെ ശരണം വിളിച്ചു. ഇക്കുറിയും സുഗമ മകരജ്യോതി ദര്‍ശനത്തിനായി വിവിധ സ്ഥലങ്ങളില്‍ വിപുലമായ സുരക്ഷാ സൗകര്യങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കിയിരുന്നത്. വകുപ്പു മേധാവികളെയും പ്രതിനിധികളെയും ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലിന്റെ നേതൃത്വത്തില്‍ അഞ്ച് അവലോകന യോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടത്തി സജ്ജീകരണങ്ങള്‍ ക്രമീകരിച്ചു.
ജില്ലാ കലക്ടറും ജില്ലാ പൊലിസ് മേധാവിയും നേരിട്ട് പുല്ലുമേടുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പരിശോധിച്ചു. ഓരോ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയായിരുന്നു സജ്ജീകരണം. എ.ഡി.എം കെ.കെ.ആര്‍ പ്രസാദിന്റെ ഏകോപനത്തില്‍ വനം, പി.ഡബ്ല്യൂ.ഡി, വാട്ടര്‍ അതോറിറ്റി, മോട്ടോര്‍വാഹന വകുപ്പ്, പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ഗതാഗത വകുപ്പ് തുടങ്ങിയവ ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ എ.ഡി.ജി.പി ബി. സന്ധ്യ, എറണാകുളം റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത, സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ നേരിട്ടെത്തി പരിശോധിച്ചു കുറ്റമറ്റതാക്കി.
ജില്ലാ പോലിസ് മേധാവി കെ.ബി വേണുഗോപാലിന്റെ നേതൃത്വത്തില്‍ 1500 പൊലിസ് സേനാംഗങ്ങളെ വിന്യസിച്ചാണ് സുരക്ഷ ഒരുക്കിയത്. ഡി.എം.ഒ ഡോ. ടി.ആര്‍ രേഖയുടെ നേതൃത്വത്തില്‍ ആരോഗ്യ രക്ഷയ്ക്കായി വിപുലമായ സൗകര്യങ്ങള്‍ ഈ ദിവസങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്നു.
പീരുമേട്, വണ്ടിപ്പെരിയാര്‍, പെരുവന്താനം തുടങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പേ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാക്കി. ബി.എസ്.എന്‍.എല്‍ താല്‍ക്കാലിക ടവര്‍ പുല്ലുമേട്ടില്‍ സജ്ജീകരിച്ചത് വാര്‍ത്താവിനിമയത്തിനും ആശയവിനിമയത്തിനും ഏറെ സഹായകരമായി. ഇന്നലെ ഇടുക്കി ആര്‍.ഡി.ഒ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പുല്ലുമേട് ക്യാമ്പ് ചെയ്ത് സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തര്‍ എത്തുന്ന ഒന്‍പത് ഇടങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരും ക്യാമ്പ് ചെയ്ത് സുരക്ഷ ഉറപ്പാക്കി.
ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ജില്ലാ പൊലിസ് മേധാവി കെ.ബി. വേണുഗോപാല്‍, ആര്‍.ഡി.ഒ പി.ജി രാധാകൃഷ്ണന്‍ എന്നിവര്‍ പുല്ലുമേട്ടില്‍ നേരിട്ട് സന്നിഹിതരായി സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വ് ( ഈസ്റ്റ് ഡിവിഷന്‍) ഡെപ്യൂട്ടി ഡയറക്ടര്‍ കിഷന്‍കുമാര്‍, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും പുല്ലുമേട്ടില്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."