മൂലത്തറയിലേക്ക് വിടുന്ന വെള്ളം തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ചോര്‍ത്തുന്നു
പാലക്കാട്: ആളിയാറില്‍നിന്ന് കേരളത്തിലേക്ക് വിട്ടുനല്‍കുന്ന വെള്ളവും തമിഴ്‌നാട്ടിലെ ചില കര്‍ഷകര്‍ മോട്ടോറുകള്‍ വച്ച് കൃഷിയിടങ്ങളിലേക്ക് ചോര്‍ത്തുന്നു. ആലിയാറില്‍നിന്ന് വിടുന്ന വെള്ളം മണക്കടവില്‍ വച്ചാണ് കേരളത്തിനു അളന്നു നല്‍കുന്നത്. മണക്കടവില്‍നിന്നും മൂലത്തറഡാമിലേക്കു ഒഴുകിവരുന്ന വെള്ളമാണ് ഇതിനിടയില്‍ കര്‍ഷകര്‍ മോട്ടോറുകള്‍ വച്ച് ചോര്‍ത്തിയെടുക്കുന്നത്.
മണക്കടവില്‍നിന്ന് നാലു കിലോ മീറ്റര്‍ അകലെയുള്ള മൂലത്തറയില്‍ എത്തുമ്പോഴേക്കും വെള്ളം പതിയായി കുറയും. രാത്രിസമയത്ത് വാഹനങ്ങളില്‍ കൂറ്റന്‍ മോട്ടോറുകള്‍ കയറ്റി കൊണ്ടുവന്നു പുഴയോരത്ത് വച്ച് പൈപ്പുകളിട്ടാണ് വെള്ളം ചോര്‍ത്തല്‍. എട്ട് സ്ഥലങ്ങളില്‍ താല്‍ക്കാലിക മോട്ടോര്‍പുരകളും സ്ഥാപിച്ച് വെള്ളം കടത്തുന്നു.
രാത്രി പത്തിന് ശേഷം മോട്ടോറുകള്‍ കൊണ്ടുവന്നു വച്ച് വെള്ളമടിച്ചു കയറ്റും. അതിരാവിലെ മോട്ടോറുകള്‍ കയറ്റി കൊണ്ടുപോവാറാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളം അളക്കുന്ന മണക്കടവില്‍നിന്നും വിടുന്ന വെള്ളം മുഴുവന്‍ മൂലത്തറയില്‍ എത്തുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ആവശ്യമായ ജീവനക്കാരെ കേരളത്തില്‍നിന്നും നിയമമിച്ചിട്ടുമില്ല. രാത്രി വെള്ളം ചോര്‍ത്തുന്നതിനാല്‍ ഉള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് നേരിട്ട് പോയി പരിശോധിക്കാനും ഭയമാണ്.
അവിടെ കര്‍ഷകര്‍ സംഘടിച്ചാണ് വെള്ളം ചോര്‍ത്തുന്നത്. ഇവരെ നേരിടാന്‍ ഒരു വാച്ച്മാനേയോ, അസിസ്റ്റന്റ്എന്‍ജിനിയറെയോ വച്ച് തടായാനും കഴിയില്ല. കാലങ്ങളായി മണക്കടവിനും, മൂലത്തറക്കുമിടയിലുള്ള പുഴയില്‍നിന്നും വെള്ളം കൊണ്ടുപോവുന്നുമുണ്ട്. പത്രങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതോടെ ഒരു മാസത്തോളം ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ അധികം നിയമിച്ചു പരിശോധിക്കും. പകല്‍ സമയത്തു ഇവിടെ പരിശോധിക്കാന്‍ ചെന്നാലും മോട്ടോറുകളൊന്നും കണ്ടെത്താനും കഴിയില്ല. രാത്രിസമയത്തു പൊലിസ് സംരക്ഷണത്തോടെ പരിശോധിച്ചാല്‍ മാത്രമേ ഇതെല്ലാം പിടികൂടാന്‍ കഴിയുകയുള്ളു.
സ്ഥിരമായി ഒന്നോ,രണ്ടോ പോലീസുകാരെയും കൂടുതല്‍ ഉദ്യോഗസ്ഥരെയും നിയമിക്കേണ്ടി വരും. രണ്ടു ദിവസം മുന്‍പ് വാളയാര്‍ ഡാമിലെ തമിഴ്‌നാട് പ്രദേശത്തു അനധികൃതമായി കിണര്‍ കുഴിച്ചു വെള്ളം ചോര്‍ത്തുന്നത് കണ്ടെത്തി ജലസേചനവകുപ്പു ഉദ്യോഗസ്ഥര്‍ പിടികൂടുകയും, മോട്ടോറുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. പൊലിസിന്റെ സഹായത്തോടെയാണ് ഇവിടേക്ക്എത്തിയത്. പിടിച്ചെടുക്കാന്‍ പോയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ അവിടത്തെ തമിഴ് കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇവിടെയും ഗുണ്ടകളെ ഉപയോഗിച്ചാണ് വെള്ളം മോഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."