ഒരുമനയൂര്‍ ലോക്കിന് ഫണ്ടനുവദിച്ചു
ചാവക്കാട്: കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കുന്ന ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി 47.50 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ചാവക്കാട് ബ്ലോക്ക് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും ഡിവിഷന് അംഗവുമായ എം.എ അബൂബക്കര്‍ ഹാജി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒരുമനയൂര്‍ കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, കനാലിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുകയും ചെയ്തിരുന്ന ഒരുമനയൂര്‍ ലോക്കിന്റെ ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളും തുരുമ്പെടുത്തു പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു.
ലോക്കിന്റെ അറ്റകുറ്റ പണികള്‍ നടത്തി ലോക്ക് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടു ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് തിരുവനന്തപുരത്തും തൃശൂരിലും നിരന്തരം പരാതികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇറിഗേഷന്‍ വകുപ്പ് സംഖ്യ അനുവദിച്ചതെന്ന് അബൂബക്കര്‍ ഹാജി പറഞ്ഞു. ശുദ്ധ ജല ക്ഷാമം വളരെ രൂക്ഷമായ ഒരുമനയൂര്‍ കടപ്പുറം നിവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും.
ലോക്ക് കേടായതിനാല്‍ കനാലിലേക്ക് ഉപ്പുവെള്ളം കയറി കിണറുകള്‍ കുളങ്ങള്‍, പാടങ്ങള്‍, ചെറിയ പുഴകള്‍, ചെറു തോടുകള്‍ എന്നിവയിലെല്ലാം വെള്ളം ഉപയോഗ ശൂന്യമായിരിക്കുകയാണ്.
ലോക്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ ഇതിനെല്ലാം ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."