പോരടിക്കുന്നത് ഇവിടെ മാത്രം; അതിര്‍ത്തി കടന്നാല്‍ ഈ കൊടികള്‍ ഒരുമിച്ച്
സേലം-മധുരൈ റോഡിലെ പല്ലപ്പട്ടി ജങ്ഷനില്‍ നിന്ന് അരക്കിലോമീറ്റര്‍ മാറി ഇടറോഡില്‍ ബാന്‍ഡുമേളവും ഡപ്പാങ്കുത്തുമായി വലിയ ആള്‍ക്കൂട്ടം. മുന്‍നിരയില്‍ ചുറ്റിക അരിവാള്‍ നക്ഷത്രം ഘടിപ്പിച്ച ജീപ്പിനു മുകളില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി ആര്‍. സച്ചിദാനന്ദന്‍ ആളുകളെ നോക്കി കൈവീശുന്നു.
ഇടത്തും വലത്തുമായി കോണ്‍ഗ്രസ്, ഡി.എം.കെ, മുസ്‌ലിം ലീഗ് നേതാക്കള്‍. ജീപ്പിന് ഇരുവശത്തുമായി സോണിയാ ഗാന്ധി, എം.കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ഖാദര്‍ മൊയ്തീന്‍, വൈക്കോ തുടങ്ങിയ നേതാക്കളുടെ വര്‍ണബോര്‍ഡുകള്‍. തൊട്ടുപിന്നാലെ നക്ഷത്രാങ്കിത പച്ചക്കൊടിയേന്തിയ ലീഗ് നേതാക്കളും സി.പി.എം എന്ന് എഴുതിയ ചുവന്നകൊടിയുമായി പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസ് കൊടിയുമായി അവരുടെ പ്രവര്‍ത്തകരും തോളുരുമ്മി നടക്കുന്നു.
ഒപ്പം വൈക്കോയുടെ മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, തോല്‍ തിരുമാവലവന്റെ വി.സി.കെ, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികളുടെ കൊടികളുമായി അവരുടെ അണികളും. ഇത് തമിഴ്നാട്ടിലെ ഡിണ്ടിഗല്‍ ലോക്സഭാ മണ്ഡലത്തിലെ കാഴ്ചയാണ്. പാലക്കാട് അതിര്‍ത്തി കടന്നാല്‍ സി.പി.എമ്മും ലീഗും കോണ്‍ഗ്രസും 'ഒരേ കൂട്ടണി'യാണ്.
കേരളത്തിലെ രാഷ്ട്രീയ 'അയിത്ത'മൊന്നും ഇവിടെ ഒരു പാര്‍ട്ടിക്കുമില്ല. ലീഗിനെ 'വേണം വേണ്ട' എന്ന കേരള സ്‌റ്റൈല്‍ ഡിണ്ടിഗലില്‍ വിഷയമേയല്ല. സി.പി.എമ്മുമായി ചേരില്ലെന്ന കേരളത്തിലെ ലീഗ് നേതാക്കളുടെ വാശിയും അതിര്‍ത്തിക്കപ്പുറം വിലപ്പോവില്ല. കിട്ടുന്ന വടിയൊന്നും കളയാതെ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന കേരള നേതാക്കളുടെ സമീപനം തമിഴ്നാട്ടിലെ സി.പി.എമ്മുകാര്‍ക്ക് ദഹിക്കില്ല. കേരളത്തില്‍ ബദ്ധവൈരികളെന്ന് പറഞ്ഞാലും തമിഴ്നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്ക് സി.പി.എം 'ഉറ്റതോഴര്‍'.
പരസ്പരം പോരടിക്കുന്നവര്‍ ഇവിടെ ഒന്നിച്ച് നില്‍ക്കുന്നുവെന്ന ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ ആരോപണമൊന്നും ഡിണ്ടിഗലിലെ സി.പി.എം, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അണികളെ അലട്ടുന്നില്ല. വിചിത്ര സഖ്യമെന്ന് എതിരാളികള്‍ ആക്ഷേപിച്ചാലും തമിഴ്നാട്ടില്‍ ഇന്‍ഡ്യ സഖ്യം ഒറ്റക്കെട്ടാണെന്ന് അവര്‍ പറയും. സി.പി.എം മത്സരിക്കുന്ന മധുരൈയിലും മുസ്‌ലിം ലീഗ് മത്സരിക്കുന്ന രാമനാഥപുരത്തും കോണ്‍ഗ്രസിന്റെ സീറ്റുകളിലും ഈ ഐക്യം കാണാനാകും.
സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. സച്ചിദാനന്ദനാണ് ഡിണ്ടിഗലിലെ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെയുടെ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വി.എം.എസ് മുഹമ്മദ് മുബാറക്കും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പട്ടാളിമക്കള്‍ കക്ഷിയുടെ (പി.എം.കെ) എം. തിലകഭാമയുമാണ് പ്രധാന എതിരാളികള്‍. നടനും സംവിധായകനുമായ സീമാന്റെ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ഥിയായി ദുരൈരാജനും രംഗത്തുണ്ട്.
എ.ഐ.എ.ഡി.എം.കെയുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന ഡിണ്ടിഗലില്‍ 2019ല്‍ ഡി.എം.കെയുടെ പി. വേലുസാമി 5.38 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അട്ടിമറി വിജയം നേടിയത്. സിറ്റിങ് സീറ്റായ കോയമ്പത്തൂരിന് പകരമായാണ് സി.പി.എമ്മിന് ഇക്കുറി ഡിണ്ടിഗല്‍ അനുവദിച്ചത്. ആറു നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നു വീതം ഡി.എം.കെ-എ.ഐ.എ.ഡി.എം.കെയ്ക്കാണ്. സി.പി.എമ്മിനു സംഘടനാ സ്വാധീനമുള്ള മേഖല കൂടിയാണ് ഡിണ്ടിഗല്‍. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും വേരുകളുണ്ട്.
15 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകളും പരമ്പരാഗത എ.ഐ.എ.ഡി.എം.കെ വോട്ടുകളും ലക്ഷ്യമിട്ടാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്. ജാതി-സമുദായ വോട്ടുകള്‍ നിര്‍ണായകമായ ഡിണ്ടിഗലില്‍ കര്‍ഷക, തൊഴിലാളി വോട്ടുകളും സ്വാധീനം ചെലുത്തും.
നമത് കക്ഷി, നമത് കൂട്ടണി
(നമ്മുടെ പാര്‍ട്ടി, നമ്മുടെ മുന്നണി
കേരളത്തിലെന്തായാലും അതൊന്നും ഇവിടെ വിഷയമേയല്ല. ഇവിടെ ഞങ്ങളുടെ നേതാവ് സ്റ്റാലിനും രാഹുലും യെച്ചൂരിയും ഖാദര്‍മൊയ്തീന്‍ സാഹിബുമാണ്. രാഷ്ട്രീയത്തില്‍ പല നിലപാടുകളും പാര്‍ട്ടികള്‍ സ്വീകരിക്കാറുണ്ട്. ബി.ജെ.പിയെയും എ.ഐ.എ.ഡി.എം.കെയെയും പരാജയപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യം വലിയ പ്രശ്നത്തിലേക്ക് പോകുമ്പോള്‍ അതിനെ നേരിടുകയാണ് വേണ്ടത്. അതിന് കോണ്‍ഗ്രസും ഡി.എം.കെയും സി.പി.എമ്മും മുസ്‌ലിം ലീഗും ഒന്നിച്ചു നിന്നേ മതിയാകൂ.
സെല്‍വമുത്തു (സിപിഎം പ്രവര്‍ത്തകന്‍,ഡിണ്ടിഗല്‍)
സിപിഎമ്മിനെ എന്തിനു മാറ്റിനിര്‍ത്തണം
രാജ്യം വലിയ ഭീഷണി നേരിടുകയല്ലെ. അതിനിടിയില്‍ ആരെങ്കിലും പരസ്പരം പോരടിക്കുമോ. തമിഴ്നാട്ടില്‍ ഞങ്ങളെല്ലാം ഡി.എം.കെ മുന്നണിയിലാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും സി.പി.എമ്മും ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യം ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്നതാണ്. കേരളത്തിലെ രാഷ്ട്രീയ വൈരമൊന്നും ഇവിടെ വിഷയമല്ല.
നാസിമുദ്ദീന്‍ (മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന്‍,
കുടൈപ്പളനി, ഡിണ്ടിഗല്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."