'പൗരത്വത്തിന്റെ മാനദണ്ഡം മതമാക്കാന്‍ അനുവദിക്കില്ല; വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യും'- രാഹുല്‍ഗാന്ധി
കോഴിക്കോട്: മതമോ ജാതിയോ ഭാഷയോ പൗരത്വത്തിന് മാനദണ്ഡമാക്കാന്‍ കോണ്‍ഗ്രസും ഇന്‍ഡ്യാ സഖ്യവും അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി. ഭരണഘടന നല്‍കുന്ന മാനദണ്ഡത്തിലാവണം പൗരത്വം നിശ്ചയിക്കേണ്ടത്. വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
യു.ഡി.എഫ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം ജനാധിപത്യ സംരക്ഷണമാണ്. മതവും ജാതിയും ഭാഷയും ഏതുമാകട്ടെ സാധാരണക്കാരന്റെ ശബ്ദത്തെ സംരക്ഷിക്കുകയെന്നതാണ് കടമ.
ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയതിനെതിരെ മോദി സംസാരിക്കുന്നത് കേട്ടു. ബി.ജെ.പിക്ക് പണം നല്‍കിയ കമ്പനികള്‍ക്ക് വലിയ കരാറുകളും ആനുകൂല്യങ്ങളുമാണ് ലഭിച്ചത്. മേഘ എന്‍ജിനീയറിങ് കമ്പനി ബി.ജെ.പിക്ക് കോടികള്‍ നല്‍കിയപ്പോള്‍ മുംബൈ താന ഹൈവേ കരാര്‍ ഈ കമ്പനിക്ക് ലഭിച്ചു. ഈ പട്ടിക നീണ്ടുകിടക്കുകയാണ്. ഇലക്ടറല്‍ ബോണ്ട് രാഷ്ട്രീയ ശുദ്ധീകരണ ആയുധമല്ല, തീവട്ടിക്കൊള്ളയാണ്. ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തനമെല്ലാം കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്.
ഈ നയത്തിനെതിരേ സാധാരണക്കാര്‍ക്ക് ഗ്യാരണ്ടികള്‍ പ്രഖ്യാപിച്ചാണ് കോണ്‍ഗ്രസ് പോരാട്ടം നടത്തുന്നത്. രാജ്യത്തെ വനിതകളെ ശാക്തീകരിക്കും. അവരുടെ അധ്വാനത്തിനുള്ള പ്രതിഫലം നല്‍കുക തന്നെ ചെയ്യും. മഹാലക്ഷ്മിയുടെ പേരില്‍ പദ്ധതി തുടങ്ങും. പാവപ്പെട്ടവരില്‍ ഒരു വനിതയുടെ പേരില്‍ ഒരു വര്‍ഷം ഒരു ലക്ഷം അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന മഹാലക്ഷ്മി പദ്ധതി നടപ്പാക്കും.
സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കും. സഊദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ജാതിയും മതവും മറന്ന് മലയാളികള്‍ നടത്തിയ യജ്ഞം മാതൃകാപരമാണ്. വധശിക്ഷക്ക് വിധിക്കപ്പെട്ടവന്റെ മതം ചികഞ്ഞല്ല 34 കോടി സ്വരൂപിച്ചത്. ഈ നാടിനെ മതത്തിന്റെ പേരില്‍ വിഭജിക്കുള്ള ശ്രമം നടത്തുന്നവര്‍ക്കു നല്‍കിയ കരുത്തുറ്റ മറുപടിയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. കെ.സി വേണുഗോപാല്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, വി.ഡി സതീശന്‍, എം.എം ഹസന്‍, ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, പി.സി വിഷ്ണുനാഥ്, രാഹുല്‍ മാങ്കൂട്ടത്തില്‍, എം.സി മായിന്‍ഹാജി, പി.എം നിയാസ്, കെ.സി അബു, യു.ഡി.എഫ് സ്ഥാനാര്‍ഥികളായ എം.കെ രാഘവന്‍ (കോഴിക്കോട്), ഇ.ടി മുഹമ്മദ് ബഷീര്‍ (മലപ്പുറം), എം.പി അബ്ദുസമദ് സമദാനി (പൊന്നാനി), ഷാഫി പറമ്പില്‍ (വടകര) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."