14,000 ജീവനക്കാരെ പുറത്താക്കാനൊരുങ്ങി ഇലോൺ മസ്‌ക്; ടെസ്‌ലയിലും തൊഴിലാളികൾക്ക് രക്ഷയില്ല
പ്രമുഖ ഇലക്ട്രോണിക് വാഹന നിർമാതാക്കളായ ടെസ്‌ലയും ജോലിക്കാരെ പിരിച്ചുവിടുന്നു. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയിൽ നിന്ന് 10 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടാൻ പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്. കമ്പനിയുടെ നിലവിലെ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയാൽ ഏകദേശം 14,000 പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കമ്പനിക്ക് ഈ പാദത്തിൽ വിൽപനയിൽ നേരിട്ട തിരിച്ചടിയാണ് ജോലിക്കാരെ പുറത്തേക്ക് നയിക്കുന്നത്.
ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി ആലോചിക്കുന്നത് എന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ജോലിക്കാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് മസ്‌ക് ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു.
'വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോൾ, ചെലവ് കുറയ്ക്കുന്നതിനും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും കമ്പനിയുടെ എല്ലാ വശങ്ങളും നോക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ശ്രമത്തിന്റെ ഭാഗമായി, ഞങ്ങള്‍ ഓര്‍ഗനൈസേഷന്റെ സമഗ്രമായ അവലോകനം നടത്തുകയും ആഗോളതലത്തില്‍ ഞങ്ങളുടെ ആളുകളുടെ എണ്ണം 10 ശതമാനത്തിലധികം കുറയ്ക്കാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനമെടുക്കുകയും ചെയ്തു.'- ഇലോണ്‍ മസ്‌ക് മെയിലിൽ പറയുന്നു.
ഇലക്‌ട്രിക് വാഹനങ്ങളുടെ വിൽപനയിൽ വലിയ തിരിച്ചടിയാണ് നിലവിൽ ടെസ്‌ല നേരിട്ടുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കാർ നിമാതാക്കളാണ് നിലവിൽ ഇത്തരം ഒരു കുരുക്കിൽപെട്ടത്. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി ഇ.വികളുടെ വില കുറച്ചിട്ടും വാഹന വില്‍പ്പനയില്‍ കമ്പനിക്ക് ഇടിവ് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചെലവ് ചുരുക്കാന്‍ ലക്ഷ്യമിട്ട് പുതിയ പ്രഖ്യാപനം.
ടെസ്‌ല കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനക്കാരുടെ എണ്ണം രണ്ടിരട്ടിയായി വര്‍ധിപ്പിച്ചിരുന്നു. 1,40,473 ജീവനക്കാരാണ് കമ്പനിക്ക് ആഗോള തലത്തിലുള്ളത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുമെന്ന സൂചന ഈ വര്‍ഷം ആദ്യം തന്നെ കമ്പനി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."