യുഎഇയില്‍ കനത്ത മഴ, അസ്ഥിര കാലാവസ്ഥ തുടരും
ദുബൈ: ജനജീവിതം ബാധിച്ച യുഎഇയിലെ പ്രതികൂല കാലാവസ്ഥ ബുധനാഴ്ച വരെ തുടരും. തിങ്കളാഴ്ചയാണ് യുഎഇയില്‍ കാലാവസ്ഥക്ക് കാര്യമായ മാറ്റം പ്രകടമായത്. ചൊവ്വാഴ്ച രാജ്യത്തുടനീളം ആലിപ്പഴ വര്‍ഷത്തോടെ കനത്ത മഴയും ഇടിമിന്നലുമുണ്ടായി. അസ്ഥിര കാലാവസ്ഥ ബുധനാഴ്ച വരെ തുടരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഇസിഡിഎംഎം) യുഎഇയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ തുടരാനും എല്ലാ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങളും പാലിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. സുരക്ഷിതവും ഉയര്‍ന്നതുമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ബന്ധപ്പെട്ടവര്‍ നിര്‍ദേശിച്ചു.
ഇടിമുഴക്കത്തോടെയുള്ള കനത്ത മഴയിലേക്കായിരുന്നു ചൊവ്വാഴ്ച രാജ്യത്തെ പ്രഭാതമുണര്‍ന്നത്. 'താഴ്ന്ന ഉപരിതല മര്‍ദം' ആണ് കാലാവസ്ഥാ മാറ്റത്തിന് കാരണമായത്. ഈ പ്രതിഭാസം വ്യാപിച്ച് അസ്ഥിര കാലാവസ്ഥയുടെ രണ്ട് തരംഗങ്ങളുണ്ടായി. ഇതാണ് അസ്ഥിര കാലാവസ്ഥ ബുധനാഴ്ച വരെ നീളാനിടയാക്കിയിരിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാല്‍ ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, കല്‍ബ, അബുദബി എന്നിവിടങ്ങളിലെ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. വെള്ളം കയറിയതിനെ തുടര്‍ന്ന് നൂറുകണക്കിന് വാഹനങ്ങള്‍ കേടുവന്നു.
കനത്ത മഴയില്‍ പല കെട്ടിടങ്ങളും ചോര്‍ന്നൊലിക്കുകയാണ്.
ദുബൈയിലെ പൊതു ബസ് സര്‍വീസുകളില്‍ കാലതാമസമുണ്ടെന്ന് ആര്‍ടിഎ അറിയിച്ചു.
കനത്ത മഴ ഗതാഗതം തടസ്സപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയോടെ ജബല്‍ അലിയിലേക്കുള്ള റോഡ് അടച്ചു. ബിസിനസ് ബേ ഏരിയയില്‍ നിന്ന് ജബല്‍ അലിയിലേക്ക് വരുന്ന അല്‍ അസായീല്‍, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നവരോട് അല്‍ ഖൈല്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ് തുടങ്ങിയ ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ ആര്‍ടിഎ ആവശ്യപ്പെട്ടു.
ഷാര്‍ജ കല്‍ബയിലെ റിംങ് റോഡും കനത്ത വെള്ളക്കെട്ടിനെ തുടര്‍ന്ന് അടച്ചു.ഇവിടത്തെ വാദികള്‍ (മലയിറമ്പുകളില്‍ നിന്നുള്ള കനാലുകള്‍) കവിഞ്ഞൊഴുകുന്നതും ഇതിന് കാരണമായി. വാഹനമോടിക്കുന്നവരോട് ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാന്‍ ഷാര്‍ജ പൊലീസ് നിര്‍ദേശിച്ചു.പ്രതികൂല കാലാവസ്ഥയും അതിഥികളുടെ സുരക്ഷയും കണക്കിലെടുത്ത് കുടുംബ വിനോദ കേന്ദ്രമായ ദുബൈ ഗ്‌ളോബല്‍ വില്ലേജ് ചൊവ്വാഴ്ച അടച്ചു.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ സര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തടസ്സപ്പെട്ടു. നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും പലതും വൈകുകയും വഴിതിരിച്ചു വിടുകയും ചെയ്തായി അധികൃതര്‍ പറഞ്ഞു.
ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത കുരുക്കുള്ളതിനാല്‍, എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ മെട്രോ ഉപയോഗിക്കുന്നതാണ് ഉത്തമം. മറാക്കിഷ് സ്ട്രീറ്റ്, റബാത്ത് സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാനും ആര്‍ടിഎ നിര്‍ദേശിച്ചു.
വടക്കന്‍ എമിറേറ്റുകളില്‍ മണ്ണിടിച്ചിലില്‍ രണ്ട് റോഡുകള്‍ തകര്‍ന്നു. അല്‍ ഐനിലെ അല്‍ ഖത്താറ ഏരിയയിലെ ഒരു അപാര്‍ട്ട്‌മെന്റില്‍ വെള്ളം കയറി. ഇതേത്തുടര്‍ന്ന് താമസക്കാര്‍ പരിഭ്രാന്തരായി. ഇവരെ പെട്ടെന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. കനത്ത മഴ മൂലം ഫ്‌ളാറ്റുകളില്‍ വെള്ളം നിറഞ്ഞു.
ഷാര്‍ജ അല്‍ മജാസില്‍ അല്‍ ഖാന്‍ ജംഗ്ഷനിലേക്കുള്ള റോഡില്‍ വെള്ളം കെട്ടി നിന്നതിനെ തുടര്‍ന്ന് പൊലീസ് അടച്ചു.
അസ്ഥിര കാലാവസ്ഥ മൂലം ഓഫീസുകളില്‍ ഹാജര്‍ നില നന്നെ കുറവായിരുന്നു. ജീവനക്കാരോട് ചൊവ്വാഴ്ചയും ബുധനാഴ്ചയും റിമോട്ട് വര്‍ക് സിസ്റ്റം പാലിക്കാന്‍ പല കമ്പനികളും നിര്‍ദേശിച്ചിരിക്കുകയാണ്. സ്‌കൂളുകളും റിമോട്ട് പഠനമാണ് പ്രോല്‍സാഹിപ്പിക്കുന്നത്.
കനത്ത മഴ മൂലം ചില ഡെലിവറി കമ്പനികള്‍ ചില പ്രദേശങ്ങളില്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ഡെലിവറികള്‍ തുടരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്കടക്കം കാലതാമസം പ്രതീക്ഷിക്കാന്‍ ഉപഭോക്താക്കളെ അധികൃതര്‍ ഉണര്‍ത്തി.
മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി
ചൊവ്വാഴ്ച രാവിലെ ഓണ്‍പാസ്സിവ് മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
അല്‍ ഐനിന്റെ തെക്ക് ഭാഗത്തെ അല്‍ ഖുവയില്‍ ഭീമാകാരമായ കുഴി രൂപപ്പെട്ട് മണ്ണിടിഞ്ഞു. റോഡിന്റെ ഒരു വലിയ ഭാഗമാണ് ഇടിഞ്ഞു പോയത്. ഇതേത്തുടര്‍ന്ന്, ഇവിടത്തേക്കുള്ള ഗതാഗതം വഴിതിരിച്ചു വിട്ടു. മണ്ണിടിച്ചിലില്‍ റാസല്‍ഖൈമ എമിറേറ്റ്‌സ് റോഡിലേക്കുള്ള ഒരു ഭാഗം തകര്‍ന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അജ്മാന്‍ ലൈസന്‍സിംഗ് കേന്ദ്രം രണ്ട് ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചു.
തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയും പെയ്ത കനത്ത മഴയില്‍ ഷാര്‍ജയിലെ പല തെരുവുകളും വെള്ളത്തിനടിയിലാണ്.
ലംഘനത്തിന് പിഴകള്‍
പ്രതികൂല കാലാവസ്ഥയില്‍ ജീവന് അപകടമുണ്ടാക്കുന്ന വിധത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ വരുത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 2000 ദിര്‍ഹം വരെ പിഴയും 23 ബ്‌ളാക്ക് പോയിന്റുകളും രണ്ട് മാസത്തേക്ക് വാഹനങ്ങള്‍ കണ്ടുകെട്ടലുമാണ് ശിക്ഷ.പ്രതികൂല കാലാവസ്ഥയും യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുത്ത് ദുബൈ പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ഉള്‍പ്പെടെ പല വിനോദ കേന്ദ്രങ്ങളും അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."