ഇറാന്റെ ആക്രമണത്തെ തടയാന്‍ ഇസ്‌റാഈലിന് ചെലവായത് 4600 കോടി രൂപ; എന്നിട്ടും പൂര്‍ണമായ പ്രതിരോധം സാധ്യമായില്ല
ഇസ്‌റാഈലിലേക്ക് ഇറാന്‍ അയച്ച ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കാന്‍ ഇസ്‌റാഈലിന് 4,600 കോടു രൂപയോളം ചെലവായെന്ന് റിപ്പോര്‍ട്ട്.ടെല്‍ അവീവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസ് ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.ഇറാന്റെ ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കാനുള്ള ഒരു 'ആരോ' മിസൈലിന് ഏകദേശം 3.5 മില്യണ്‍ യു.എസ് ഡോളര്‍ ചെലവ് വരും. ഒരു 'മാജിക് വാന്‍ഡ്' മിസൈലിന്റെ വില ഒരു മില്യണ്‍ യു.എസ് ഡോളറാണ്. 4,600 കോടിക്ക് പുറമെ ഇന്ധനത്തിന്റെയും മറ്റ് യുദ്ധ സാമഗ്രികളുടെയും ചെലവ് അധികമായി വരും.
ഇറാന്‍ തൊടുത്ത 300 മിസൈലുകളിലും ഡ്രോണുകളിലും 99 ശതമാനവും തടഞ്ഞതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കുന്നു. 170 ഡ്രോണുകള്‍, 30 ക്രൂസ് മിസൈലുകള്‍, 120 ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയാണ് ഇസ്‌റാഈല്‍ ലക്ഷ്യമാക്കി വന്നത്.ഇറാന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ദീര്‍ഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് മുഖ്യമായും അധിനിവേശസേന ഉപയോഗിച്ചത്. 100 ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ആറു മണിക്കൂറാണ് ആകാശത്ത് പറന്നത്. 10 ബാലിസ്റ്റിക് മിസൈലുകളെ തകര്‍ത്തത് യുദ്ധവിമാനങ്ങളാണ്.
അതേസമയം, ഇറാന്‍ വിക്ഷേപിച്ച മിസൈലുകളില്‍ ചുരുക്കം ചിലത് ഇസ്‌റാഈല്‍ അതിര്‍ത്തിക്കുള്ളില്‍ പതിച്ചു. തെക്കന്‍ ഇസ്‌റാഈലിലെ ഒരു സൈനിക കേന്ദ്രത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."