താപനിലകൂടുന്നു;ക്ഷീര കര്‍ഷകര്‍ ആശങ്കയില്‍
കരുനാഗപ്പള്ളി: സംസ്ഥാനത്ത് അന്തരീക്ഷ താപനില കടുത്തത് ക്ഷീര കര്‍ഷകരെ ആശങ്കയിലാക്കി.സംസ്ഥാനം കടുത്ത പാല്‍ക്ഷാമത്തിലേക്ക് നീങ്ങുകയാണ്.
ഇപ്പോള്‍ തന്നെ ആവശ്യത്തിന് പാല് ലഭിക്കാത്ത സ്ഥിതിയാണുള്ളത്. സംസ്ഥാനത്തൊട്ടാകെ പ്രതിദിനം 55000 ലിറ്ററിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
ചൂട് വര്‍ധിച്ചതിനെ തുടര്‍ന്ന് ജലക്ഷാമമുണ്ടായതും പുല്ലും വൈക്കോലും ലഭിക്കാതായതുമാണ് പ്രതിസന്ധിക്കു പ്രധാന കാരണം. ക്ഷീര കര്‍ഷകരില്‍ പലരും പശുവളര്‍ത്തലില്‍ നിന്നും പിന്മാറുകയാണ്. കാലിത്തീറ്റയുടെ വില വര്‍ധനയും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ പാല് ഉല്പാദനം കുറഞ്ഞതോടെ ഇപ്പോള്‍ കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളെയാണ് കേരളം പാലിനായി ആശ്രയിക്കുന്നത്. അടുത്ത മാസം അവസാനത്തോടെ ചൂട് ഇനിയും കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പശുക്കളെ പരിപാലിക്കുന്നത് വെല്ലുവിളിയാകുമെന്ന് 20 പശുക്കളുള്ള ക്ഷീര കര്‍ഷകനായ കുലശേഖരപുരം കടത്തൂര്‍ അജ്മല്‍ മന്‍സിലില്‍ സിറാജ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."