വേനലിന് തുടക്കം; ഗ്രാമങ്ങളില്‍ ഡെങ്കിപ്പനിയും മഞ്ഞപിത്തവും
പാലക്കാട്: ഗ്രാമങ്ങളില്‍ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാസംവിധാനമില്ലെന്നു പരാതി. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കടുത്ത പനി ബാധിച്ചു ആശുപത്രികളില്‍ ചികില്‍സ തേടുന്നതായാണു റിപ്പോര്‍ട്ട്. ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമികആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാരോ ലാബ് സജ്ജീകരണങ്ങളോ ഇല്ല.
ഗവ. ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സ തേടി ആശ്വാസം ലഭിക്കാത്തവര്‍ സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടി എത്തുന്നവരെ പരിശോധിച്ചതിലാണ് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്.
കുലുക്കല്ലൂര്‍, തിരുവേഗപ്പുറ, കൊപ്പം, വിളയൂര്‍ ഗ്രാമ പഞ്ചായത്തുകളിലെല്ലാം അതിസാരവും പടരുന്നുണ്ട്. ഗ്രാമ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നു ക്ഷാമം അനുഭവപ്പെടുന്നത് രോഗികളെ വലക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗം പരിശോധിക്കാന്‍ ആവശ്യമായ ജീവനക്കാരോ ചികില്‍സയ്ക്ക് മരുന്നോ ഇല്ലെന്ന പരാതി വ്യാപകമായുണ്ട്. കൊപ്പം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റെറിനു കീഴിലെ 14ാം വാര്‍ഡ് മേല്‍മുറിയില്‍ 27 പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. മേല്‍മുറിയില്‍ മഞ്ഞപ്പിത്തം പരക്കുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊപ്പം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഒരു വാര്‍ഡില്‍ മാത്രം മുപ്പതോളം മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയത്. പഞ്ചായത്തിലെ പലപ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉള്‍പടെ പകര്‍ച്ചവ്യാധികള്‍ പടരുന്നതായി പരാതിയുണ്ട്. മേല്‍മുറി പ്രദേശത്തെ 85 പേര്‍ പങ്കെടുത്ത ക്യാംപില്‍ 27 പേര്‍ക്കും മഞ്ഞപ്പിത്തമുള്ളതായി സ്ഥിരീകരിച്ചു.
ഇവരില്‍ അധിക പേരും തൃശൂരില്‍ പച്ചമരുന്നു ചികില്‍സ നടത്തിയവരായിരുന്നു. മഞ്ഞപ്പിത്ത ബാധിതരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു വിദഗ്ദ പരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെ ലാബില്‍ എത്തിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പരിസര ശുചിത്വ കുറവും മോശം ആഹാര ശീലങ്ങളുമാണ് മഞ്ഞപ്പിത്തം പരയ്ക്കാന്‍ കാരണം.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഹോട്ടലുകളും തട്ടുകടകളും ബേക്കറികളും പ്രവര്‍ത്തിക്കുന്നതും കിണറുകളിലും കുടിവെള്ള പദ്ധതികളിലും വെള്ളം മലിനമായതും പകര്‍ച്ചവ്യാധികള്‍ പരയ്ക്കാന്‍ ഇടയാക്കിയെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നു പൊതുജനങ്ങള്‍ക്കായി നടത്തിയ ആരോഗ്യ ക്യാംപില്‍ വിദഗ്ദര്‍ പരിശോധന നടത്തിയെങ്കിലും പകര്‍ച്ചവ്യാധികള്‍ക്ക് ശമനമില്ല.
പഞ്ചായത്തിലെ 60 കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും 90 വീടുകളില്‍ ഗ്രൂപ്പ് ടോക്കും നടത്തി. കൊപ്പം ടൗണിലെയും പരിസരങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തിയതില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.
കടകളിലും ബേക്കറികളിലും ശീതളപാനീയങ്ങള്‍ വില്‍പ്പന നടത്തുന്നത് നിരോധിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശിവരാമന്‍, ബിബില്‍മോന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."