ഇരുപ്പൂവല്‍ നിലം നികത്തി ഹൗസിങ് കോളനി നിര്‍മിക്കുന്നു
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇവിടെ നിര്‍മിച്ച വീടുകള്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു
പാലക്കാട്: ഇടതുപക്ഷം ഭരിക്കുന്ന കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം മടികടന്നു ഇരുപ്പൂവല്‍ നെല്‍പ്പാടങ്ങള്‍ നികത്തി ഹൗസിങ് കോളനികള്‍ ഉണ്ടാക്കുന്നു. ഇതിനായി ഗ്രാമപഞ്ചായത്തു അനുമതി പത്രവും നല്‍കി വരുന്നുണ്ട്. കൊടുമ്പ് കരിങ്കരപുള്ളി കനാലിനു് സമീപത്തു് ഇപ്പോള്‍ ഒന്‍പത് വീടുകള്‍ നിര്‍മിച്ച് കഴിഞ്ഞു. അഞ്ചു വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതായും അറിയുന്നു. ഗ്രാമപഞ്ചായത് സെക്രട്ടറി ഏകപക്ഷീയമായാണ് വീടുകള്‍ നിര്‍മിക്കാനുള്ള പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളതെന്നും പറയപ്പെടുന്നു.
ജില്ലാ കലക്ടറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇവിടെ നിര്‍മിച്ച വീടുകള്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു. പാലക്കാട് നഗരത്തിനോട് ചേര്‍ന്ന് കിടക്കുന്ന കൊടുമ്പ് പഞ്ചായത്തില്‍ ഇതുപോലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍ നടത്തിയിട്ടും പഞ്ചായത്തു് നടപടിയെടുത്തിട്ടില്ല.
ചില വില്ലേജ് ഉദ്യോഗസ്ഥരും ഇതിനു കൂട്ട് നില്‍ക്കുന്നുണ്ട്. ഇരുപൂവല്‍ നിലം ഒന്നിച്ചു് വാങ്ങി അഞ്ചു് സെന്റാക്കി തിരിച്ചു് കെ. എല്‍. യുവിന് അപേക്ഷ നല്‍കും.
ആര്‍. ഡി. ഒ. ഓഫിസിലെ ചില ഉദ്യോഗസ്ഥതരും റിയല്‍ എസ്‌റ്റേറ്റ് ലോബിക്ക് വേണ്ടി നിലകൊള്ളുന്നു. കിഴിഞ്ഞ ദിവസം കൊടുമ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാലങ്ങളായി അനധികൃതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പത്തോളം ചെങ്കല്‍ ചൂളകള്‍ പിടിക്കാന്‍ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി മണികൂറുകള്‍ കഴിഞ്ഞാണ് വില്ലേജിലെയും, പാലക്കാട് താലൂക്ക് ഓഫിസിലെയും ഉദ്യോഗസ്ഥര്‍ എത്തിയത്.
ഇത് മണ്ണ്, ഖന മാഫിയയുമായി ഉദ്യോഗസ്ഥരുടെ പങ്കു വെളിപ്പെടുത്തുന്നതാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, നിയമവിരുദ്ധമായി നെല്‍പ്പാടം നികത്തി വീട് നിര്‍മിക്കാന്‍ അനുമതി നല്‍കിയ പഞ്ചായത്തു സെക്രട്ടറി ഉള്‍പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ 'എര്‍ത്തു വാച്ച് കേരള' കേന്ദ്ര വിജിലന്‍സിന് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."