പാല് ഉല്പാദനത്തില് സ്വയം പര്യാപ്തത സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
തലശ്ശേരി: പാല് ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് വര്‍ഷത്തിനിടെ കേരളം ഇത് കൈവരിക്കുമെന്നും ഇതിനാവശ്യമായ നടപടികള്‍ ആരംഭിച്ചതായും പിണറായി കൂട്ടിച്ചേര്‍ത്തു. പിണറായി എ.കെ.ജി.സ്മാരക ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന കണ്ണൂര്‍ ജില്ലാ ക്ഷീര സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
3600 ക്ഷീരസംഘങ്ങള്‍ വഴി 16 ലക്ഷം ലിറ്റര്‍ പാല് പ്രതിദിനം സംഭരിക്കുന്നുണ്ടെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ മികവ് കൈവരിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് വകുപ്പ് ഒരു രൂപയും തദ്ദേശ സ്ഥാപനങ്ങള്‍ മൂന്നു രൂപയും സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ തുക മാറ്റിവയ്ക്കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇത് പരിശോധിക്കുമെന്നും പിണറായി പറഞ്ഞു. മികച്ച ക്ഷീരകര്ഷകന് കെ.പി. മൊയ്തീന് കുട്ടിയെ ചടങ്ങില്‍ ആദരിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷനായി. എം.പിമാരായ കെ.കെ.രാഗേഷ്, പി.കെ.ശ്രീമതി, എ.എന്‍.ഷംസീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ്ബ്, സി.എന്‍.ചന്ദ്രന്, ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.രാജീവന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗീതമ്മ, പി.ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."