മാലിന്യത്തിലെ തീ പടര്‍ന്ന് കണ്ടയ്‌നര്‍ ലോറി കത്തിനശിച്ചു
കളമശേരി: വഴിയരികിലെ മാലിന്യത്തിനു തീയിട്ടത് പടര്‍ന്ന് കണ്ടയ്‌നര്‍ ലോറി കത്തിനശിച്ചു. കണ്ടെയ്‌നര്‍ റോഡ് ചേരാനെല്ലൂര്‍ സിഗ്നലിനു സമീപമുള്ള ലക്‌സസ് മോട്ടേഴ്‌സിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയ്‌നര്‍ കയറ്റുന്ന 16 വീലുള്ള ലോറിയാണ് പൂര്‍ണമായും കത്തി നശിച്ചത്.
തീ ആളിക്കത്തിയതോടെ ലോറിയുടെ ഡീസല്‍ ടാങ്കും ടയറും പൊട്ടിത്തെറിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
ഈ സമയം അതുവഴി പോകുകയായിരുന്ന പറവൂര്‍ എക്‌സൈസ് വിഭാഗത്തിലെ ജീവനക്കാരാണ് ലോറി അഗ്നിക്കിരയാകുന്ന വിവരം ഏലൂര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ലോറി തീപിടിക്കുന്നത് കണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് ഫയര്‍എഞ്ചിന്‍ എത്തിപ്പെടുവാന്‍ ബുദ്ധിമുട്ടുളവാക്കിയതായി ഫയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ പറയുന്നു. ഏലൂര്‍ പൊലിസ് ചേരാനല്ലൂര്‍ പൊലിസ് ഏലൂര്‍ ഫയര്‍ ഫോഴ്‌സ് തൃക്കാക്കര ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സംയുകത്മായി ഒന്നരമണിക്കൂറോളം കഠിനപ്രയത്‌നത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഏലൂര്‍ ഫയര്‍ സ്റ്റേഷനിലെ എസ്.ടി.ഒ ജൂഡ് തൈദൈവോസ്, ലീഡിങ്ങ് ഫയര്‍മാന്‍ സജീവന്‍, ശ്രീരാജ്, പ്രജോഷ്, ജോണ്‍, റഫീക്ക് തുടങ്ങിയ ഏലൂര്‍ ഫയര്‍ ഫോഴ്‌സിലെ അംഗങ്ങളാണ് ആദ്യം സംഭവ സ്ഥലത്തെത്തിയത്. തീ പിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സവും ഉണ്ടായിരുന്നു. പൊലിസും നാട്ടുകാരും ഇടപെട്ട് അതും ഏറെക്കുറെ പരിഹരിച്ചു.
അഗ്നിക്കിരയായ വാഹനം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് തിരിച്ചറിവായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."