വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ ട്രാഫിക് എസ്.ഐ മര്‍ദിച്ചതായി പരാതി
മട്ടാഞ്ചേരി: വര്‍ക്ക്ഷോപ്പ് ജീവനക്കാരനെ ട്രാഫിക് എസ്.ഐയും സംഘവും ക്രൂരമായി മര്‍ദിച്ചതായി പരാതി. പള്ളുരുത്തി മരുന്നുകടക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെന്താമരാക്ഷ(34)നെയാണ് മട്ടാഞ്ചേരി ട്രാഫിക് എസ്.ഐ വിബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നത്. മരുന്നുകടയില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന ചെന്താമരാക്ഷന് ഇവിടെ അറ്റകുറ്റ പണികള്‍ക്കായി കൊണ്ടുവന്ന ട്രെയിലര്‍ നന്നാക്കിയതിന് ശേഷം പള്ളുരുത്തിയിലെ സംസ്ഥാന പാതയിലൂടെ കൊണ്ട് വരികയും ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരന് ഇയാളുടെ ലൈസന്‍സും വാഹനത്തിന്റെ ആര്.സി ബുക്ക് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ വണ്ടി നിര്‍ത്തിയാല്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ വൈകിട്ട് സ്റ്റേഷനിലേക്ക് വരാമെന്ന് പറയുകയും പൊലിസുകാര്‍ സമ്മതിച്ചതോടെ വണ്ടിയുമായി പോകുകയും ചെയ്തു.
തുടര്‍ന്ന് രണ്ട് തവണ എസ്.ഐയും സംഘവും വര്‍ക്ക് ഷോപ്പില്‍ എത്തി ഭീഷണിപ്പെടുത്തിയതായി ചെന്താമരാക്ഷന് പറഞ്ഞു. വീണ്ടുമെത്തിയപ്പോള്‍ വാഹനത്തിന്റെ ആര്.സി ഓണറുടെ നമ്പര്‍ നല്കി.
എന്നാല്‍ ആര്.സി ഓണറോട് രാവിലെ സ്റ്റേഷനിലെത്തിയാല്‍ മതിയെന്ന് പറഞ്ഞ പൊലിസ് ചെന്താമരാക്ഷനെ സ്റ്റേഷനിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാള്‍ തയാറാകാതിരുന്നതോടെ പൊലിസ് സംഘം മടങ്ങി.
പിന്നീട് രാത്രിയും വര്‍ക്ക്ഷോപ്പിലെത്തിയ പൊലിസ് ജീവനക്കാരെ ഭിഷണപ്പെടുത്തുകയും വീട്ടിലായിരുന്ന ചെന്താമരാക്ഷനോട് സ്റ്റേഷനിലേക്കെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
രാത്രിയായതിനാല്‍ വീട്ടില്‍ നിന്ന് വരുവാന്‍ കഴിയില്ലന്നും വരികയാണെങ്കില്‍ കുടുംബത്തോടൊപ്പം വരികയുള്ളൂവെന്നും പറഞ്ഞതിനെ തുടര്‍ന്ന് രാവിലെ പത്ത് മണിക്ക് എത്തിയാല്‍ മതിയെന്ന് പൊലിസ് പറഞ്ഞു.
പത്ത് മണിക്ക് തന്നെ ആര്.സി ഓണറേയും കൂട്ടി സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ ഉണ്ടായിരുന്നില്ലെന്നും പന്ത്രണ്ട് മണിയോടെ എസ്.ഐ എത്തുകയും തുടര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ചെന്താമരാക്ഷന് പറഞ്ഞു. തലക്കും നെഞ്ചിനും ചവിട്ടിയതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ഇയാള്‍ പറയുന്നു.
ഇയാളെ ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
അതേ സമയം തിരക്കുള്ള സമയത്ത് റോഡിലൂടെ കണ്ടയ്നര്‍ ഓടിച്ച ഇയാള്‍ക്കെതിരേ കേസെടുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഷനിലേക്ക് വരുത്തിയതെന്നും ലൈസന്‍സ് നല്കാതിരുന്നപ്പോള് ചെറുതായി ബലം പ്രയോഗിക്കുക മാത്രമാണ് ഉണ്ടായതെന്നും എസ്.ഐ വിബിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."