കനത്ത തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ കനത്ത തോല്‍വിയിലേക്ക് തള്ളിയിട്ട് എവര്ട്ടന്. സ്വന്തം തട്ടകമായ ഗൂഡിസന്‍ പാര്‍ക്കിലാണ് എവര്ട്ടന് മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് സിറ്റിയുടെ മികവിനെ ചോദ്യ ചിഹ്നത്തില്‍ നിര്‍ത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി സ്ഥാനമേറ്റ ശേഷം പെപ് ഗെര്‍ഡിയോള നേരിടുന്ന ഏകപക്ഷീയമായ കനത്ത തോല്‍വി കൂടിയായി മത്സരം മാറി.
ഗെര്‍ഡിയോളയുടെ 4-5-1 എന്ന ഫോര്‍മേഷനെ 3-6-1 എന്ന ശൈലിയില്‍ ടീമിനെ ഇറക്കി റൊണാള്‍ഡ് കൂമാന് മികച്ച മധ്യനിര പ്രകടടോംനത്തിന്റെ ബലത്തില്‍ ആക്രമണ ഫുട്ബോളിലൂടെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഗൂഡിസന്‍ പാര്‍ക്കില്‍ കണ്ടത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നില്‍ നിന്ന എവര്ട്ടന് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ സിറ്റിയുടെ വലയില്‍ നിക്ഷേപിച്ചാണ് ഉജ്ജ്വല വിജയം പിടിച്ചത്.
34ാം മിനുട്ടില്‍ ലുകാകുവാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 49ാം മിനുട്ടില്‍ മിരാലെസ്, 79ാം മിനുട്ടില്‍ കൗമാര താരം ടോം ഡാവിസ്, 90ാം മിനുട്ടില്‍ ലൂക്മാന് എന്നിവര്‍ എവര്‍ട്ടനായി വല ചലിപ്പിച്ചു.
മറ്റൊരു മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ലെയ്സ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ചെല്‍സി മുന്നേറ്റം തുടരുന്നു.
മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ചെല്‍സിക്കായി മാര്‍ക്കോസ് അലോണ്‍സോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ പെഡ്രോയുടെ ബൂട്ടില്‍ നിന്നായിരുന്നു.
21 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുന്നു. എവര്ട്ടനോടുള്ള കനത്ത തോല്‍വി മാഞ്ചസ്റ്റര്‍ സിറ്റിക്ക് പോയിന്റ് പട്ടികയിലും തിരിച്ചടിയായി. 42 പോയിന്റുമായി സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."