സഊദി പൊതുമാപ്പ്: വാര്‍ത്ത നിഷേധിച്ച് പാസ്പോര്‍ട്ട് വിഭാഗം
റിയാദ്: സഊദി പൊതുമാപ്പ് സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് സഊദി പാസ്പോര്‍ട്ട് വിഭാഗം രംഗത്ത്. ഇന്നലെ മുതല്‍ പ്രാബലത്തില്‍ വരുന്ന പൊതുമാപ്പ് പ്രഖ്യാപിച്ചതായി സഊദിയിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് രാജ്യത്തെ പ്രമുഖ പത്രങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍, വാര്‍ത്ത തെറ്റാണെന്നും ഇത്തരമൊരു റിപ്പോര്‍ട്ട് ഔദ്യോഗിക വകുപ്പുകള്‍ നല്‍കിയിട്ടില്ലെന്നും പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. പൊതുമാപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി പരസ്യപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രമുഖ പ്രാദേശിക പത്രമാണ് കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. തുടര്‍ന്ന് വിദേശ മാധ്യമങ്ങളടക്കം ഇത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് മന്ത്രാലയം നിഷേധക്കുറിപ്പ് ഇറക്കിയത്.
പിഴകളും ഫീസുകളും മാത്രം ഒടുക്കി മറ്റു ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകര്‍ക്ക് സാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മലയാളികളടക്കം ആയിരക്കണക്കിന് നിയമ ലംഘകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പൊതുമാപ്പിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും അറിയിച്ചു. റിയാദിലെ തര്‍ഹീല്‍ അധികൃതരും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."