തൊഴില്‍ മാറ്റം ഉപാധികളില്ലെന്നു സൂചന
ദോഹ: പുതിയ നിയമപ്രകാരം നിലവിലുള്ള കമ്പനിയില്‍ നിന്ന് വേറൊരു കമ്പനിയിലേക്ക് ജോലി മാറുന്നതിന് നിശ്ചയിച്ചിരുന്ന ഉപാധികള്‍ ഖത്തര്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഭരണവികസന തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഇതു സംബന്ധമായ ഉപാധികള്‍ നീക്കം ചെയ്തതായി അല്‍ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് ജോലി മാറണമെങ്കില്‍ പുതിയ തൊഴിലുടമയ്ക്ക് അതേ പ്രൊഫഷനും രാജ്യവും ലിംഗവും യോജിക്കുന്ന വിസ വേണമെന്നായിരുന്നു പുതിയ നിയമത്തില്‍ ഉണ്ടായിരുന്ന നിബന്ധന. എന്നാല്‍, ജോലി മാറ്റത്തിന് അപേക്ഷിക്കാനുള്ള മന്ത്രാലയം വെബ്സൈറ്റിന്റെ ലിങ്കില്‍ ഇപ്പോള്‍ ഉപാധികള്‍ കാണുന്നില്ല. 60 വയസിന് മുകളിലുള്ള പ്രവാസികള്‍ക്ക് നിശ്ചയിച്ചിരുന്ന നിബന്ധനകളും നീക്കം ചെയ്തിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ 'വര്‍ക്കര്‍ നോട്ടിസ് ഇസര്വിസ്' എന്ന ലിങ്ക് വഴിയാണ് പ്രവാസി തൊഴിലാളികള്‍ തൊഴിലുടമയെ മാറുന്നതിനും രാജ്യം വിടുന്നതിനും വേണ്ടി അപേക്ഷിക്കേണ്ടത്. ഖത്തര്‍ ഐ.ഡി, മൊബൈല്‍ നമ്പര്‍ എന്നിവ എന്റര്‍ ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. തുടര്‍ന്ന് മൊബൈലില്‍ അയച്ചു കിട്ടുന്ന പിന് നമ്പര്‍ അടിക്കുന്നതോടെ ജോലി, വയസ്, തൊളിലുടമയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ലഭിക്കുന്നതാണ്. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് ജോലി മാറ്റം, രാജ്യം വിടല്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. അറ്റസ്റ്റ് ചെയ്ത കരാര്‍ കോപ്പി അപ്്ലോഡ് ചെയ്ത ശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."