ദേവകിയമ്മയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പ്രദേശത്ത് നിന്ന് മുങ്ങിയ കോഴിക്കോട് സ്വദേശിയെ പൊലിസ് തിരയുന്നു
കാഞ്ഞങ്ങാട്: പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ പക്കീരന്റെ ഭാര്യ ദേവകിയമ്മയെ കൊലപ്പെടുത്തിയത് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം വ്യക്തമായത്.
വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ് തനിച്ചു താമസിക്കുന്ന ദേവകിയമ്മയെ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കേസന്വേഷണ സംഘം ഒട്ടനവധി പേരെ ചോദ്യം ചെയ്തു. ഇതിനിടയില്‍ കോഴിക്കോട് സ്വദേശിയായ ഒരാള്‍ നാട്ടില്‍ നിന്ന് മുങ്ങിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
അതേ സമയം ഇവര്‍ പീഡനത്തിന് ഇരയായോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഇക്കാര്യം വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂവെന്നും പൊലിസ് സൂചിപ്പിച്ചു. ദേവകിയമ്മയുടെ മുഖത്തും കൈക്കും പരുക്കുകള്‍ ഏറ്റതായി കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗം നടത്തുന്നതിനിടയിലാണ് പരുക്കുകള്‍ സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ബ്ലൗസും പാവാടയും മാത്രമാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. മറ്റൊരു പാവാട ഉപയോഗിച്ച് കഴുത്ത് മുറുക്കിയ നിലയിലാണ് മൃതദേഹം വീട്ടില്‍ കാണപ്പെട്ടത്.
അതിനിടെ സംഭവത്തില്‍ സംശയിച്ചിരുന്ന ബദിയടുക്ക ഭാഗത്തെ ഒരാളെ പൊലിസ് ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലിസ് നല്‍കുന്ന സൂചന. അതേ സമയം പ്രദേശത്തു നിന്നും മുങ്ങിയ കോഴിക്കോട്ടുകാരനു പുറമേ മറ്റു ചിലരെയും പൊലിസ് സംശയിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ സി.ഐയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."