യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് തല്ലിച്ചതച്ചു
കൊടുങ്ങല്ലൂര്‍: അഴീക്കോട്ട് വടക്കേ ഇന്ത്യന്‍ മോഡലില്‍ സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു. ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. അഴീക്കോട് മേനോന് ബസാറില്‍ ശനിയാഴ്ച രാത്രിയിലാണ് പ്രാകൃതമായ ശിക്ഷാരീതി നടപ്പിലാക്കിയത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ
മേനോന് ബസാര്‍ പള്ളിപ്പറമ്പില്‍ സലാമിനെ(47) ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട വിചാരണക്കൊടുവില്‍ പൊലിസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. സാരമായി പരുക്കേറ്റസലാം കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ സലാമിന്റെ മൂന്ന് പല്ലുകള്‍ നഷ്ടപ്പെട്ടു. ഇയാളുടെ ശരീരം മുഴുവന്‍ മര്‍ദനമേറ്റ പാടുകളുണ്ട്. ഇയാളെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. സലാമിന്റെ പരാതിയെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതിനിടെ അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ സലാമിനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."