കേരള ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: കേരള ലോ അക്കാദമിയിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായെത്തിയ വിദ്യാര്‍ഥികള്‍ പൊലിസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ കോളജിലെ സി.സി.ടി.വി കാമറകളും ജനല്‍ച്ചില്ലുകളും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് അടച്ചിട്ട ലോ അക്കാദമിയിലേക്ക് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നൂറോളം വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തിയത്. മാനേജ്‌മെന്റിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ അഞ്ചുദിവസമായി കോളജില്‍ വിവിധ വിദ്യാര്‍ഥിസംഘടനകളുടെ നേതൃത്വത്തില്‍ സമരം നടന്നു വരികയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ എസ്.എഫ്. ഐ മാര്‍ച്ച് നടത്തിയത്. പ്രതിരോധത്തിന് ആവശ്യമായ പൊലിസുകാര്‍ ഇല്ലാത്തതിനെതുടര്‍ന്ന് പ്രകടനം കോളജിനുള്ളില്‍ കടന്നു. പിരിഞ്ഞ് പോകാന്‍ പൊലിസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പൊലിസും വിദ്യാര്‍ഥികളുമായി ഉന്തുംതള്ളും നടന്നു. ഇതിനിടയില്‍ കോളജിലെ സി.സി.ടി.വി കാമറകളും ജനല്‍ച്ചില്ലുകളും മറ്റും വിദ്യാര്‍ഥികള്‍ തല്ലിത്തകര്‍ത്തു.
പ്രതിഷേധത്തിനിടയില്‍ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്കും 15 പൊലിസുകാര്‍ക്കും പരുക്കേറ്റു. ഗോ ബാക്ക് വിളികളുമായി കോളജിനുള്ളില്‍ സംഘര്‍ഷം സൃഷ്ടിച്ച വിദ്യാര്‍ഥികള്‍ പൊലിസുകാരെ തള്ളി കാംപസിനു വെളിയിലാക്കി. തുടര്‍ന്ന് വിദ്യാര്‍ഥികളും പൊലിസും തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി.
ഏറെ നേരത്തെ സംഘര്‍ഷത്തിന് ശേഷം കൂടുതല്‍ പൊലിസെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്. രാത്രി വൈകിയും സ്ഥലത്ത് പൊലിസ് കാവല്‍ തുടരുകയാണ്. പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉടലെടുത്ത പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കഴിഞ്ഞ ദിവസം ലോ അക്കാദമിയിലും സമരം ആരംഭിച്ചത്.
പൊതുവെ ഇടതുപക്ഷത്തോട് ചായ്‌വുള്ള ലോ അക്കാദമിയില്‍ എസ.്എഫ്.ഐ ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളും സംയുക്തമായാണ് സമരം ആരംഭിച്ചത്. ഇന്നലെയാണ് എസ്.എഫ്.ഐ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കോളജിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളും സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."