നെടുമ്പാശ്ശേരി വഴി സ്വര്‍ണം കടത്താന്‍ ശ്രമം: മൂന്ന് മുംബൈ സ്വദേശികള്‍ പിടിയില്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മുംബൈ സ്വദേശികള്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. അസ്‌ലം അസ്ഹര്‍ ഖുറേഷി, സിക്കന്ദര്‍ മണിയാരി, ഉബൈദ് അബ്ദുള്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. 53 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ബാങ്കോക്കില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. അസ്‌ലം, സിക്കന്ദര്‍ എന്നിവര്‍ മലദ്വാരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1800 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ബാങ്കോക്കില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയ ഉബൈദാണ് സ്വര്‍ണം കൊണ്ടുവന്നത്. മുംബൈ വഴിയാണ് ഈ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. മുംബൈയില്‍ നിന്നും ആഭ്യന്തര യാത്രക്കാരായി കയറിയ അസ്‌ലമിനും സിക്കന്ദറിനും വിമാനത്തിനകത്ത് വച്ച് സ്വര്‍ണം കൈമാറുകയായിരുന്നു.
വിമാനത്തിന്റെ ടോയ്‌ലറ്റില്‍ കയറിയാണ് ഇവര്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ആകെ 15 സ്വര്‍ണ കട്ടികളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സാധാരണയായി ആഭ്യന്തര യാത്രക്കാര്‍ക്ക് കസ്റ്റംസ് പരിശോധന നടത്താറില്ല. ഇത് മറയാക്കിയാണ് അഭ്യന്തര യാത്രക്കാര്‍ക്ക് സ്വര്‍ണം കൈമാറി വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയത്.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദുബൈയില്‍ നിന്നും കടത്താന്‍ ശ്രമിച്ച ഒരു കിലോഗ്രാം സ്വര്‍ണം നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."