പത്മനാഭനെ തള്ളി കുമ്മനം; ബി.ജെ.പി സംസ്ഥാനസമിതി തുറന്നപോരിലേക്ക്
തിരുവനന്തപുരം:എം.ടി.വാസുദേവന്‍ നായര്‍ക്കും കമലിനുമെതിരേയുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍.രാധാകൃഷ്ണനു പിന്തുണയുമായി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ കമലിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചാണു കുമ്മനം രംഗത്തുവന്നതെങ്കിലും രാധാകൃഷ്ണനെ എതിര്‍ത്ത ദേശീയ നിര്‍വാഹകസമിതി അംഗം സി.കെ പത്മനാഭനെ പരോക്ഷമായി തള്ളുന്നതാണു പ്രസ്താവന.
രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരേ രൂക്ഷ പ്രതികരണവുമായാണു പത്മനാഭന്‍ രംഗത്തെത്തിയത്.
ഈ തര്‍ക്കത്തിലാണ് കുമ്മനവും ഒത്തുചേര്‍ന്നത്. നരേന്ദ്രമോദിയേയും സുരേഷ്‌ഗോപിയേയും കമല്‍ അവഹേളിച്ചതായ വീഡിയോ പോസ്റ്റ് ചെയ്താണ് തര്‍ക്കത്തില്‍ താന്‍ എ.എന്‍. രാധാകൃഷ്ണനോടൊപ്പമാണെന്ന് കുമ്മനം വ്യക്തമാക്കിയത്. കുറെ നാളുകളായി ബി.ജെ.പിയിലെ വിഭാഗീയതയാണു മറനീക്കുവന്നത്. പത്മനാഭന്റെ അഭിപ്രായപ്രകടനത്തിനു ആദ്യം മൗനം പാലിച്ച ശേഷമാണ് കുമ്മനം രാധാകൃഷ്ണനു പിന്തുണയുമായി വന്നത്. തനിക്കെതിരേ പാര്‍ട്ടിയില്‍ വളരുന്ന ഗ്രൂപ്പ് പോരിന്റെ മുനയൊടിക്കാനാണു സംസ്ഥാനസമിതിക്കു മുന്‍പ് കുമ്മനം വെടിപൊട്ടിച്ചത്.
പത്മനാഭനെതിരേ നേതൃയോഗത്തില്‍ അഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാനാണു ശ്രമം. നേതാക്കള്‍ക്കെതിരേ പാര്‍ട്ടിയില്‍ നിന്നുള്ള വിരുദ്ധസ്വരം വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിലാണു കുമ്മനത്തെ പിന്തുണക്കുന്നവര്‍. പത്മനാഭനു പുറമെ മറ്റു ചില നേതാക്കളും രാധാകൃഷ്ണന്റെ അഭിപ്രായത്തിന് എതിരാണ്. പ്രസ്താവന പൊതുസമൂഹത്തില്‍ പാര്‍ട്ടിക്കു ദോഷം ചെയ്‌തെന്ന നിലപാടിലാണു വലിയൊരു വിഭാഗം.
നമുക്ക് ഇഷ്ടംതോന്നാത്ത കാര്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എന്തിന് ഈ അസഹിഷ്ണുതയെന്ന് തുറന്നുചോദിച്ച് ബി.ജെ.പി വക്താവ് എം.എസ്. കുമാറും ഫേസ് ബുക്കിലൂടെ രംഗത്തുവന്നിട്ടുണ്ട്. അസഹിഷ്ണുത പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന ഓര്‍മപ്പെടുത്തലുമായി സി.കെ.പത്മനാഭനും എം.എസ് കുമാറും അടങ്ങുന്ന മൂന്നാം ചേരി രംഗത്തുവരുന്നതു മറു ചേരി ഇഷ്ടപ്പെടുന്നില്ല. പി.കെ. കൃഷ്ണദാസ് വിഭാഗത്തിനൊപ്പമുള്ള നേതാക്കളില്‍ മിക്കവരും തീവ്ര നിലപാടുകളെ ന്യായീകരിക്കുന്നവരാണ്.
സാംസ്‌കാരിക നായകന്‍മാരുടേയും കലാകാരന്‍മാരുടേയും അഭിപ്രായ പ്രകടനങ്ങള്‍ ഏകപക്ഷീയമാകരുതെന്നു പറയുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും ഇതേ നിലപാടുള്ളയാളാണ്. ഇന്നു മുതല്‍ മൂന്നു ദിവസങ്ങളിലായി കോട്ടയത്തു നടക്കുന്ന നേതൃയോഗത്തില്‍ വിവാദ വിഷയങ്ങളും നേതാക്കള്‍ക്കിടയിലെ ചേരിപ്പോരും ചൂടേറിയ ചര്‍ച്ചക്കിടയാകും.
സംസ്ഥാനസമിതിയില്‍ മൂന്നാം ചേരിയുടെ അഭിപ്രായം ഉയര്‍ന്നുവരുന്നതിനു മുമ്പു പ്രതിരോധം തീര്‍ക്കാന്‍ കുമ്മനം അനുയായികള്‍ ശ്രമിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."