പ്രതിസന്ധി രൂക്ഷം; അപ്രഖ്യാപിത ലോഡ്‌ഷെഡിങ് തുടങ്ങി
തൊടുപുഴ: സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതിപ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തി. അടുത്തമാസം അവസാനത്തോടെ പരീക്ഷക്കാലം തുടങ്ങുന്നതിനാല്‍ ലോഡ്‌ഷെഡിംഗ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുതലിന്റെ ഭാഗമായാണ് ഇപ്പോള്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫോണ്‍ സന്ദേശംവഴി വൈദ്യുതി ഭവനില്‍നിന്നു കളമശ്ശേരി ലോഡ് ഡെസ്പാച്ച് സെന്ററിലേക്കും പവര്‍ ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ ഫീഡറുകള്‍ക്കു കീഴിലും അര മണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്. ഗ്രാമീണ ഫീഡറുകള്‍ക്കു കീഴില്‍ കൂടുതല്‍ സമയം ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്താനാണു നിര്‍ദേശം. ഫീഡറുകളെ നഗര-ഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി,സി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അലിഖിത നിര്‍ദേശം.
വി.ഐ.പികള്‍ അധിവസിക്കുന്ന കോര്‍പറേഷനുകള്‍ ഉള്‍പ്പടെയുള്ള വന്‍നഗരങ്ങള്‍ എ യിലും മുനിസിപ്പാലിറ്റികളും ചെറുനഗരങ്ങളും ബി യിലും ഉള്‍പ്പെടുന്നു. ഗ്രാമീണമേഖലയൊന്നാകെ സി വിഭാഗത്തിലാണ്. പ്രമുഖരും വി.ഐ.പികളും അധിവസിക്കുന്ന കോര്‍പറേഷനുകള്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണ് 'എ'യില്‍ ഉള്‍പ്പെടുക. അവിടെ ഫീഡറുകളില്‍ 25 മിനിറ്റെങ്കിലും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തണം. മുനിസിപ്പാലിറ്റികളും ചെറുപട്ടണങ്ങളും'ബി'യില്‍ പെടുന്നു. ഗ്രാമീണ ഫീഡറുകളാണ് 'സി'യില്‍ പെടുക. അവിടെ യഥേഷ്ടം നിയന്ത്രണം ആവാം. സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ അരമണിക്കൂര്‍ കറന്റില്ലാതായാലും പരാതികളുണ്ടാവില്ലെന്നാണ് കണക്കുകൂട്ടല്‍. സ്ഥിരമായി ഒരേ സമയത്തും സ്ഥലത്തും പവര്‍ വിച്ഛേദിക്കരുതെന്നും നിര്‍ദേശമുണ്ട്. അത് പരാതിക്ക് ഇട നല്‍കും. പത്രവാര്‍ത്തകളും ഉണ്ടാകും. ഇതൊഴിവാക്കാനാണ് ഗ്രാമീണമേഖലയില്‍ ആദ്യം കൈവയ്ക്കുന്നത്.
മഴ പൂര്‍ണമായും നിലച്ചുവെന്നും വേനല്‍ മഴലഭിക്കണമെങ്കില്‍ മാര്‍ച്ച് അവസാനം വരെ കാത്തിരിക്കണമെന്നുമുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൂടി ലഭിച്ച സാഹചര്യത്തില്‍ മറ്റ് വഴികളില്ലാത്തതിനാലാണ് കെ.എസ്.ഇ.ബി അനൗദ്യോഗിക തീരുമാനമെടുത്തത്.
ഇപ്പോള്‍ രാത്രിയിലും പുലര്‍ച്ചെയും അനുഭവപ്പെടുന്ന തണുപ്പ് ഈ മാസം അവസാനത്തോടെ ഇല്ലാതാകും. ഈ സാഹചര്യത്തിലും ശരാശരി വൈദ്യുതി ഉപഭോഗം 63- 65 ദശലക്ഷം യൂനിറ്റാണ്. ഈ വര്‍ഷം ചൂട് കൂടുതലായിരിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടുന്നതോടെ വൈദ്യുതി ഉപഭോഗവും കുതിച്ചുയരും. 2016 മാര്‍ച്ച് 29ന് രേഖപ്പെടുത്തിയ 80.44 ദശലക്ഷം യൂനിറ്റാണ് സംസ്ഥാനത്ത് ഇതുവരെയുള്ള കൂടിയ വൈദ്യുതി ഉപഭോഗം. ഈ വര്‍ഷം ഈ റിക്കാര്‍ഡ് പൊളിക്കുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്.
കേരളത്തില്‍ ഇപ്പോള്‍ പ്രതിദിന വൈദ്യുതി ഉല്‍പാദനം ശരാശരി ആറ് ദശലക്ഷം യൂനിറ്റ് മാത്രമാണ്. 5.3937 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ആഭ്യന്തര ഉത്പ്പാദനം. 63.2709 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. 57.485 ദശലക്ഷം പുറമെ നിന്നും എത്തിച്ചു. പുറമെനിന്നു പരമാവധി 60 ദശലക്ഷം യൂനിറ്റ് വൈദ്യുതി കൊണ്ടുവരാനുള്ള ലൈന്‍ ശേഷിയേയുള്ളൂ. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വന്‍വില നല്‍കി കായംകുളം താപവൈദ്യുതി എടുത്താല്‍ പോലും വൈദ്യുതി കമ്മിയുണ്ടാകും. ഇടതുസര്‍ക്കാരിന്റെ കാലത്ത് 2012 ഫെബ്രുവരിയിലാണ് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് തുടങ്ങിയത്. എന്നാല്‍, അന്നും ഇന്നും അപ്രഖ്യാപിത ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന പതിവു മറുപടിയാണ് ബോര്‍ഡ് നല്‍കുന്നത്.
സര്‍ക്കാര്‍ വകുപ്പുകള്‍ കെ.എസ്.ഇ.ബിക്ക് നല്‍കാനുള്ളത് 138 കോടി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കുടിശികയിനത്തില്‍ കിട്ടാനുള്ളത് 138 കോടി രൂപ. പുറത്തുനിന്നും ഉയര്‍ന്നവിലയ്ക്കു വൈദ്യുതി വാങ്ങാന്‍ ഒരുങ്ങുന്ന ബോര്‍ഡിന് കുടിശിക അടച്ചുതീര്‍ക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തയാറാവുന്നില്ല.
ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ഇപെടലുമില്ല. കുടിശിക പിരിക്കാതെ ഉയര്‍ന്ന വിലയ്ക്കു വാങ്ങുന്ന വൈദ്യുതിയുടെ അധികബാധ്യത ഉപഭോക്താക്കളില്‍ കെട്ടിവയ്ക്കാനാണ് കെ.എസ്.ഇ.ബി ഒരുങ്ങുന്നത്. വൈദ്യുതി വാങ്ങുന്നത് അധികബാധ്യതയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കുടിശിക തീര്‍ത്താല്‍ കെ.എസ്.ഇ.ബിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും. ഏറ്റവും വലിയ കുടിശികയായി കൃഷിവകുപ്പ് നല്‍കാനുള്ളത് 56.68 കോടി രൂപയാണ്. തൊട്ടു പിന്നില്‍ ആഭ്യന്തരവകുപ്പ്-49.61 കോടി. ആരോഗ്യവകുപ്പ് 12.66 കോടിയും നല്‍കാനുണ്ട്. വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ എന്നും വീഴ്ചവരുത്താറുള്ള ജലസേചനവകുപ്പാകട്ടെ 11.95 കോടി രൂപയാണു നല്‍കാനുള്ളത്.
ജയില്‍, ലോട്ടറി വകുപ്പുകളും കുടിശിക വരുത്തിയിട്ടുണ്ട്. കുടിശിക ഈടാക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന്റെ അധികബാധ്യത ഉപഭോക്താക്കള്‍ പേറേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."