സുനന്ദയുടെ ദുരൂഹമരണത്തിന് മൂന്നുവര്‍ഷം
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിമായുമായ ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് നാളേക്കു മൂന്നുവര്‍ഷം തികയുന്നു. കേസ് തുടക്കത്തില്‍ അന്വേഷിച്ച ഡല്‍ഹി പൊലിസ് സംഘത്തിലെ ഉദ്യോഗസ്ഥരെ എസ്.ഐ.ടിയില്‍ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തില്‍ മാറ്റംവരുത്തിയതാണ് കേസ് നടപടിയിലെ അവസാന പുരോഗതി. മരണം നടന്നു മൂന്നുവര്‍ഷമായിരിക്കെ അന്തിമ റിപ്പോര്‍ട്ട് ഉടന്‍ എസ്.ഐ.ടി ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്ക് കൈമാറുമെന്നാണു സൂചന.
2014 ജനുവരി 17നു രാത്രിയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 2010 ഓഗസ്റ്റിലാണ് കശ്മീരി സ്വദേശിനി സുനന്ദയെ കേന്ദ്രമന്ത്രിയായിരിക്കെ തരൂര്‍ വിവാഹം ചെയ്തത്. രണ്ടുപേരുടെയും മൂന്നാംവിവാഹമായിരുന്നു അത്. മാരകമായ വിഷം ഉള്ളില്‍ചെന്നതാണു മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വ്യക്തമാക്കിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷമാദ്യം സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ ആരുടെ പേരും പരാമര്‍ശിച്ചിരുന്നില്ല.
കേസില്‍ തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും വീട്ടുജോലിക്കാരെയും സുനന്ദയുടെ മകനെയും പലതവണ ചോദ്യംചെയ്തിരുന്നു. ഏതാനും പേരെ നുണപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു. തരൂരിന്റെ സോഷ്യല്‍ മീഡിയാ സുഹൃത്തും പാക് മാധ്യമപ്രവര്‍ത്തകയുമായ മെഹര്‍ തെരാരിനെയും ചോദ്യംചെയ്യുകയുണ്ടായി.
ഡല്‍ഹി പൊലിസിനെ ഏറ്റവുമധികം കുഴക്കിയ കേസ് എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പൊലിസ്. സുനന്ദയുടേതു സ്വാഭാവിക മരണമല്ലെന്ന നിഗമനത്തില്‍ പൊലിസ് എത്തിയെങ്കിലും പൊലിസ് വ്യക്തമായ വിശദീകരണം പുറത്തുവിട്ടിട്ടില്ല. മാരകമായ രാസപദാര്‍ഥം ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍, അത് സുനന്ദയുടെ ഉള്ളില്‍ എങ്ങനെയെത്തി, ബലംപ്രയോഗിച്ചു കഴിപ്പിച്ചതാണോ, കുത്തിവയ്പ്പിലൂടെ ശരീരത്തിനുള്ളിലേക്കു കടത്തിവിട്ടതാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും പൊലിസിനു തുമ്പ് ലഭിച്ചിട്ടില്ല.
അന്വേഷണത്തിന്റെ ഇതുവരെയുള്ള വിശദാംശങ്ങള്‍ ഡല്‍ഹി പൊലിസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അന്വേഷണം എങ്ങുമെത്തിയില്ലെന്നു പൊലിസ് മന്ത്രാലയത്തെ ധരിപ്പിക്കുകയുംചെയ്തിരുന്നു. മരണത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നതില്‍ അനേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതിനാല്‍ മരണകാരണം നിഗൂഢതയായി തുടരുമെന്നാണ് പൊലിസ് പറയുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെ വരെ ഏല്‍പ്പിച്ച കേസാണിത്.
ഭീകരപ്രവര്‍ത്തന കേസുകളില്‍ നേരത്തെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ എഫ്.ബി.ഐയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നുവെങ്കിലും കൊലപാതക കേസില്‍ ആദ്യമായാണ് അവരുടെ സഹായം തേടിയത്. കൊലപാതകത്തിലെ ദുരൂഹതയകറ്റുന്നതിന്റെ ഭാഗമായി സുനന്ദയുടെ രക്തസാമ്പിളുകള്‍ എഫ്.ബി.ഐയുടെ ലാബിലേക്ക് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."