രോഹിത് വെമുലയുടെ മരണത്തിന് ഇന്ന് ഒരാണ്ട്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരായ വന്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു തുടക്കമിട്ട ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലാ ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ അനുസ്മരണ പരിപാടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വാര്‍ഷികാചരണം പ്രമാണിച്ച് കനത്ത സുരക്ഷയിലാണ് സര്‍വകലാശാല. ഇന്ന് രോഹിത് രക്തസാക്ഷി ദിനമായി ആചരിക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍വകലാശാലയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതിന് രോഹിതടക്കമുള്ള അഞ്ചു ദലിത് വിദ്യാര്‍ഥികള്‍ ധര്‍ണ നടത്തിയ സര്‍വകലാശാലയിലെ 'വെല്ലിവാഡ'യിലാണു പ്രതിഷേധ പരിപാടി നടക്കുന്നത്. രോഹിത് വെമുലയുടെ നീതിക്കുവേണ്ടി സര്‍വകലാശാലാ സംയുക്ത സമരസമിതി എന്ന സംഘടനയുടെ ബാനറിലാണ് പ്രതിഷേധ അനുസ്മരണ പരിപാടികള്‍ നടക്കുന്നത്. രക്തസാക്ഷി ദിനാചരണത്തതിന്റെ ഭാഗമായി റാലിയും പൊതുപരിപാടിയും നടക്കും.
അംബേദ്കര്‍ സ്റ്റുഡന്റസ് അസോസിയേഷന്റെ (എ.എസ്.എ) ഭാഗമായി ദലിത് പ്രശ്‌നങ്ങള്‍ കാംപസില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് രോഹിതുള്‍പ്പെടേയുള്ള ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് തുക നല്‍കുന്നത് 2015 ജൂലൈയില്‍ സര്‍വകലാശാലാ അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതേതുടര്‍ന്നു ദലിത് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. പിന്നാലെ മുംബൈ സ്‌ഫോടന പരമ്പര കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ടു നടത്തിയ അനുസ്മരണ പരിപാടി എ.ബി.വി.പി പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും ചെയ്തു.
എ.ബി.വി.പി പ്രവര്‍ത്തകര്‍ രോഹിത് അടക്കമുള്ളവരെ മര്‍ദിച്ചതായും പരാതിയുണ്ട്. എ.എസ്.എ നേതാക്കള്‍ക്കെതിരേ രാജ്യദ്രോഹ ആരോപണം ഉന്നയിച്ചു സര്‍വകലാശാലയില്‍നിന്നു പുറത്താക്കാന്‍ കാംപസിലെ എ.ബി.വി.പി നേതാക്കള്‍ കേന്ദ്ര തൊഴില്‍മന്ത്രി ബന്ധാരു ദത്താത്രേയക്കും മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതി. ഇതേതുടര്‍ന്ന് സെക്കന്തരാബാദ് എം.പി കൂടിയായ ബന്ദാരു ദത്താത്രേയ ഉള്‍പ്പെടേയുള്ള ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദപ്രകാരം സര്‍വകലാശാലാ വൈസ്ചാന്‍സ്‌ലര്‍ അപ്പാ റാവു രോഹിത് ഉള്‍പ്പെടേ അഞ്ചു ദലിത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ഹോസ്റ്റലില്‍നിന്നു പുറത്താക്കുകയും ചെയ്തു. ഇതിനു പിറകെയാണ് രോഹിത് കഴിഞ്ഞ വര്‍ഷം ജനുവരി 17ന് കാംപസിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
രോഹിതിന്റെ ആത്മഹത്യ ഉയര്‍ത്തി ആദ്യം ഹൈദരാബാദിലെയും പിന്നീട് ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ കാംപസുകളും വിദ്യാര്‍ഥി പ്രക്ഷോഭം കൊണ്ടു മുഖരിതമായതോടെ പ്രതിക്കൂട്ടിലായ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, രോഹിത് ദലിതനല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ആത്മഹത്യയില്‍ മാനവവിഭശേഷി സ്മൃതി ഇറാനിക്കും ബന്ദാരു ദത്താത്രേയക്കുമെതിരേ ആരോപണമുയര്‍ന്നു. തുടര്‍ന്ന് ദത്താത്രേയക്കും സര്‍വകലാശാലാ വി.സി അപ്പാ റാവുവിനുമെതിരേ പൊലിസ് കേസുമെടുത്തു. വിഷയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഏറെക്കുറേ ബഹളത്തില്‍ മുങ്ങാനുമിടയാക്കി.
ദലിത് വിദ്യാര്‍ഥി ആത്മഹത്യചെയ്യാനുള്ള കാരണങ്ങളില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദിസാഹിത്യകാരന്‍ അശോക് വാജ്‌പേയി തനിക്ക് ലഭിച്ച ഡി ലിറ്റ് ബഹുമതി സര്‍വകലാശാലയ്ക്കു തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ രാജ്യത്തെ അറിയപ്പെട്ട ശാസ്ത്ര, സാഹിത്യ, ചലച്ചിത്ര രംഗത്തെ പ്രഗത്ഭര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി ഐക്യദാര്‍ഢ്യവും അറിയിച്ചു.
അതേസമയം, രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനുള്ള അതിഥികള്‍ക്ക് ഹൈദരാബാദ് സര്‍വകലാശാല വി.സി അനുമതി നിഷേധിച്ച് സര്‍ക്കുലര്‍ ഇറക്കി.
രോഹിതിന്റെ മാതാവ് രാധിക വെമുല, നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിനു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച ദലിത് യുവാക്കള്‍ എന്നിവര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചത്്.
കാംപസിനകത്ത് ഇന്ന് രാവിലെയായിരുന്നു അനുസ്മരണ പരിപാടി. വി.സിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കാംപസിനകത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."