കലാവസന്തത്തിന് പതാകയുയര്‍ന്നു; ഔപചാരിക ഉദ്ഘാടനം നാലു മണിക്ക്
കണ്ണൂര്‍: കൗമാര കലാവസന്തത്തിന്റെ ഏഴു ദിനരാത്രങ്ങള്‍ക്ക് കണ്ണൂരില്‍ തുടക്കമായി. രാവിലെ 10 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പതാകയുയര്‍ത്തിയതോടെയാണ് കലാമാമാങ്കത്തിന് ഔദ്യോഗിക തുടക്കമായത്.
വൈകീട്ട് നാലു മണിക്ക് പൊലിസ് മൈതാനിയിലെ പ്രധാനവേദിയായ 'നിള'യില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 57ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറു മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.
ഉച്ചക്ക് രണ്ടിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന കണ്ണൂരിന്റെ കലാസാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ഘോഷയാത്രയില്‍ അയ്യായിരത്തോളം വിദ്യാര്‍ഥികളും കണ്ണൂരിലെ പൗരാവലിയും അണിനിരക്കും. നാടന്‍കലകളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രക്ക് പൊലിമ പകരും. ഐ.ജി ദിനേന്ദ്ര കശ്യപ് ഫഌഗ് ഓഫ് ചെയ്യും.
57 സംഗീത അധ്യാപകരുടെ സ്വാഗതഗാനത്തോടെയായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനാവും. ഗായിക കെ.എസ് ചിത്ര മുഖ്യാതിഥിയാകും. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.കെ ശൈലജ, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 22ന് വൈകീട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിശിഷ്ടാതിഥിയാകും.
കേരളത്തിലെ വിവിധ നദികളുടെ പേരിലാണ് ഇത്തവണ വേദികള്‍ അറിയപ്പെടുന്നത്.
ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണശാലയില്‍ പാലുകാച്ചല്‍ ചടങ്ങും ഇന്നലെ നടന്നിരുന്നു. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുരയും തയാറായിട്ടുണ്ട്.
232 ഇനങ്ങളിലായി 12,000 മത്സരാര്‍ഥികളാണ് മേളക്കെത്തുക. മത്സരം നിയന്ത്രിക്കാന്‍ 850 അധ്യാപകരും 600പേര്‍ വിധിനിര്‍ണയത്തിനുമെത്തും. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് വേദികളും ഭക്ഷണശാലയും സജ്ജമാക്കിയത്. കലോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 22 വരെ സ്റ്റേഡിയം കോര്‍ണറില്‍ സാംസ്‌കാരിക പരിപാടികളും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."