പുതിയ കമ്പനി നിയമം കാലാവധി നീട്ടും
ദോഹ: പുതിയ വ്യാപാര നിയമമനുസരിച്ച് കമ്പനികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള കാലാവധി ആറ് മാസം കൂടി നീട്ടാന്‍ തീരുമാനിച്ചതായി സാമ്പത്തികവാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ശര്‍ഖ് റിപോര്‍ട്ട് ചെയ്തു. 2015 വര്‍ഷത്തെ 11ാം നമ്പര്‍ വ്യാപാര കമ്പനി നിയമ വകുപ്പുകളനുസരിച്ചാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ട കമ്പനികള്‍ക്ക് ഫെബ്രുവരി 7 മുതല്‍ ആറ് മാസത്തേക്ക് സമയം നീട്ടി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കാലാവധി നീട്ടാനാവശ്യപ്പെട്ടുള്ള വാണിജ്യ മന്ത്രിയുടെ പ്രമേയത്തിനു അംഗീകാരം നല്‍കിയിരുന്നു. ആറ് മാസം വീതം രണ്ട് തവണയായി നേരത്തെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇത് മൂന്നാം തവണയാണ് സമയം വീണ്ടും നീട്ടുന്നത്.
വ്യാപാര നടപടികള്‍ എളുപ്പമാക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കമ്പനികള്‍ക്ക് കൂടുതല്‍ തവണ സമയം നീട്ടിനല്‍കാന്‍ തീരുമാനിച്ചതെന്ന് മന്ത്രിസഭാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഊര്‍ജിതമാക്കാന്‍ ഖത്തര്‍ താല്‍പര്യപ്പെടുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിനു മുമ്പ് സാധ്യമായ എല്ലാ പിന്തുണയും കമ്പനികള്‍ക്ക് നല്‍കാനാണ് വാണിജ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. കാലാവധി നീട്ടി നല്‍കുന്നത് കരാറുകളും മറ്റ് രേഖകളും പുതുക്കാന്‍ കമ്പനികള്‍ക്ക് സഹായകമാകും.
പുതിയ നിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി വാണിജ്യ മന്ത്രാലയം കമ്പനികള്‍ക്ക് അനുവദിച്ചിരുന്ന കാലാവധി കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനു അവസാനിച്ചിരുന്നു. പിന്നീട് രണ്ട് തവണയായി കാലാവധി പുതുക്കി നല്‍കുകയായിരുന്നു. ആഗസ്ത് ഏഴ് മുതലായിരുന്നു രണ്ടാം ഘട്ട കാലാവധി ആരംഭിച്ചത്. അടുത്ത മാസം ഫെബ്രുവരി ഏഴിനു മൂന്നാം ഘട്ട കാലാവധിയും ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."