കേരള ബാങ്ക് രൂപീകരണം: വിദഗ്ധ സമിതിയുടെ കാലാവധി നീട്ടി
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്കെന്ന തീരുമാനവുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ട്. അടുത്ത ഏപ്രില്‍ മുതല്‍ ബാങ്ക് ആരംഭിക്കാനുള്ള നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ പുരോഗമിക്കുന്നു. എസ്.ബി.ടിയെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുന്നതോടെ കേരളത്തില്‍ ബാങ്കിങ് മേഖലയിലുണ്ടാകുന്ന വിടവ് നികത്താനാണ് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ധ സമിതിയുടെ കാലാവധി ജനുവരി 27 വരെയാണ് നീട്ടിയത്. സമിതിക്ക് അനുവദിച്ചിരുന്ന മൂന്നു മാസത്തെ സമയം കഴിഞ്ഞ ഡിസംബര്‍ 28 ന് അവസാനിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവരുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ഇനിയും സമയം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സമയം നീട്ടി നല്‍കിയത്.
ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് പ്രൊഫസര്‍ എം.എസ് ശ്രീറാം ചെയര്‍മാനായ സമിതിയില്‍ ആസൂത്രണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍, നബാര്‍ഡ് റിട്ട. ജനറല്‍ മാനേജര്‍ സി.പി മോഹന്‍, യൂനിയന്‍ ബാങ്ക് റിട്ട. ജനറല്‍ മാനേജര്‍ ടി.പി ബാലകൃഷ്ണന്‍,സഹകരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പി വേണുഗോപാല്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ചാണ് ഇടതു സര്‍ക്കാര്‍ കേരള ബാങ്ക് രൂപീകരിക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെയും ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യത്തെ തുടര്‍ന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച കേരള ബാങ്ക് രൂപീകരണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ബാങ്ക് അധികൃതരുമായും ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായും സമിതി ചര്‍ച്ച നടത്തി വരികയാണ്. ജീവനക്കാര്‍ ലയനത്തിന് പൂര്‍ണമായും എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
15 ബാങ്കുകളുടെ ആസ്തികള്‍ ലയിപ്പിക്കുന്നതിനുള്ള പദ്ധതി, നബാര്‍ഡ്, റിസര്‍വ് ബാങ്ക് എന്നിവയുടെ അനുമതി വാങ്ങിയെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, ജീവനക്കാരുടെ പുനര്‍വിന്യാസം തുടങ്ങി ലയനം സംബന്ധിച്ച എല്ലാ വിഷയങ്ങളും വിദഗ്ധസമിതി പരിശോധിച്ചു വരികയാണ്. നിലവില്‍ ത്രിതല സംവിധാനത്തിലാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം. ത്രിതല സംവിധാനം മൂലം വായ്പകള്‍ക്കുണ്ടാകുന്ന പലിശ വര്‍ധന കേരള ബാങ്ക് രൂപീകരണത്തോടെ ഇല്ലാതാകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."