യുവാവിനെ നഗ്‌നനാക്കി മര്‍ദിച്ച കേസിലെ പ്രതികള്‍ ഒളിവില്‍
കൊടുങ്ങല്ലൂര്‍: അഴീക്കോട് മേനോന്‍ബസാറില്‍ കഴിഞ്ഞ ദിവസം യുവാവിനെ നഗ്‌നനാക്കി മര്‍ദിച്ച കേസിലെ പ്രതികള്‍ ഒളിവില്‍. മേനോന്‍ ബസാറില്‍ മത്സ്യതൊഴിലാളിയായ പള്ളിപ്പറമ്പില്‍ സലാമിനെ വിവസ്ത്രനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവത്തിലെ പ്രതികളാണ് ഒളിവില്‍ പോയത്. ഇവര്‍ തൃശൂര്‍ ജില്ലയില്‍ നിന്നും അയല്‍ ജില്ലകളിലേക്ക് കടന്നതായി സൂചനയുണ്ടെന്ന് പൊലിസ് പറഞ്ഞു. ആക്രമണത്തിനിരയായ സലാം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മേനോന്‍ബസാര്‍ സ്വദേശികളായ ബാബു, സിയാദ്, മിഖില്‍, സായ്കുമാര്‍, ചിക്കു എന്നിവര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സലാമിനെ മര്‍ദിക്കുകയായിരുന്നു. മണിക്കൂറുകളോളം മര്‍ദനമേറ്റ സലാമിനെ പൊലിസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ചിത്രം മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സാരമായി പരുക്കേറ്റ ഇയാള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."