ഇസ്‌റാഈല്‍ അധിനിവേശം നിര്‍ത്തണം
1967 ലെ അതിര്‍ത്തി പരിഗണിക്കണമെന്ന് സമാധാന സമ്മേളനത്തിലെ പ്രമേയംപാരിസ്: ഫലസ്തീനിലെ ഇസ്്‌റാഈല്‍ അധിനിവേശം നിര്‍ത്തണമെന്ന് പാരിസില്‍ ചേര്‍ന്ന പശ്ചിമേഷ്യാ സമാധാന സമ്മേളനം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും സമാധാന ശ്രമങ്ങള്‍ക്ക് വിഘാതം വരുത്തുന്ന ഏകപക്ഷീയ നീക്കങ്ങള്‍ നടത്തരുതെന്നും സമ്മേളനം ഫലസ്തീനും ഇസ്‌റാഈലിനും മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്രനിയമം അനുസരിക്കാനും ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന പട്ടാളഅധിനിവേശം അവസാനിപ്പിച്ച് പ്രദേശത്ത് സമാധാനത്തിന് വഴിതുറക്കണമെന്നും ഇസ്‌റാഈലിനോട് സമ്മേളനം ആവശ്യപ്പെട്ടു.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാദിന്റെ നേതൃത്വത്തിലാണ് രണ്ടു ദിവസത്തെ പാരിസ് ഉച്ചകോടി നടന്നത്. നേരത്തെ ഉച്ചകോടിക്കെതിരേ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു രംഗത്തുവന്നിരുന്നു. സമ്മേളത്തിലെ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി ഫലസ്തീന്‍ പറഞ്ഞു. എന്നാല്‍ സമ്മേളനം നിഷ്ഫലമെന്നാണ് ഇസ്‌റാഈല്‍ വിശേഷിപ്പിച്ചത്. ഇത്തരം നീക്കങ്ങള്‍ ഫലസ്തീനുമായുള്ള സമാധാന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കി.
വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലേം എന്നിവിടങ്ങളിലാണ് ഇസ്‌റാഈല്‍ കൈയേറ്റം നടത്തുന്നത്. ഈ വിഷയത്തില്‍ 1967 ലെ അതിര്‍ത്തിക്ക് ഊന്നല്‍ നല്‍കിയാണ് ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും സമാധാന സമ്മേളനത്തിലെ പ്രമേയം പറഞ്ഞു.
ഇസ്‌റാഈലിനെ അംഗീകരിക്കുന്നതു പോലെ ഫലസ്തീനെയും അംഗീകരിക്കുക എന്നാവശ്യപ്പെട്ടാണ് ഫ്രാന്‍സില്‍ സമ്മേളനം വിളിച്ചു കൂട്ടിയത്. പാരിസില്‍ നടത്തിയ സമ്മേളനത്തില്‍ മറ്റു രാജ്യങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ വിമോചന സംഘടനയായ പി.എല്‍.ഒയും ക്ഷണിക്കപ്പെട്ടിരുന്നു.
ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു സമ്മേളനത്തിനെതിരേ നേരത്തെ രംഗത്തുവന്നിരുന്നു. ഫലസ്തീന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാവാത്തിടത്തോളം കാലം അന്താരാഷ്ട്ര സമ്മേളനങ്ങളും ഐക്യരാഷ്ട്ര സഭയുടെ ഇടപെടലുകളും സമാധാനശ്രമങ്ങളെ ദോഷകരമായി ബാധിക്കുകയേ ഉള്ളൂ എന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയം മുന്നറിപ്പ് നല്‍കി.
സമ്മേളനത്തിലെ തീരുമാനം ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യത്തെയും പ്രസിഡന്റുമാരെ ഒലാദെ പാരിസിലേക്ക് ക്ഷണിച്ചു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്്മൂദ് അബ്ബാസ് അടുത്ത ആഴ്ച പാരിസിലെത്തും. എന്നാല്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് ക്ഷണം നിരസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."