സ്കൂള്‍ വിപണി സജീവം; വിലക്കയറ്റം സാധാരണക്കാരെ ദുരിതത്തിലാക്കുന്നു
ഈരാറ്റുപേട്ട: സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഈരാറ്റുപേട്ടയില്‍ സ്കൂള്‍ വിപണികളിലെ കച്ചവടം പൊടിപൊടിക്കുന്നു. രാവിലെ മുതല്‍തന്നെ ആരംഭിക്കുന്ന കച്ചവടം മിക്കപ്പോഴും രാത്രി ഒന്പതുവരെ തുടരും. സ്കൂള്‍ വിപണിയിലെ വിലക്കയററം സാധരണക്കാരയായ രക്ഷിതാക്കാളെ ദുരിതത്തിലാത്തിയിരിക്കുന്നു.
കുടകളും ബാഗുകളും മഴക്കോട്ടുകളും ഉള്‍പ്പെടെ വിവിധവര്ണങ്ങളില് കൗതുകക്കാഴ്ചകളൊരുക്കിയാണ് സ്കൂള്‍ വിപണികള്‍ സജീവമായിരിക്കുന്നത്.
വിവിധ പത്ര-ദൃശ്യ മാധ്യങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലെ ബാഗുകളോടും കുടകളോടുമാണ് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ താല്പര്യം. വിപണിയിലെത്തിയിട്ടുള്ള സാധനങ്ങളുടെ ഉയര്‍ന്ന വില സാധാരണക്കാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ്.
സാധനങ്ങള്‍ വാങ്ങുന്നതിന് കൊച്ചുകുട്ടികള്‍ കാട്ടുന്ന പിടിവാശിയും മിക്ക രക്ഷകര്‍ത്താക്കളുടേയും പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. സൂപ്പര്‍ ഹീറോ മുതല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ വരെ കച്ചവടതന്ത്രമാക്കിയാണ് ഇത്തവണ സ്കൂള്‍ വിപണിയെ വില്പനക്കാര് വരുതിയിലാക്കിയിരിക്കുന്നത്.
വലിയ കുട്ടികളുടെ ബാഗുകള്‍ക്ക് അഞ്ഞൂറിന് മുകളിലാണ് ഇത്തവണത്തെ വില. കുട്ടികളെ ആകര്‍ഷിക്കുന്ന വിവിധ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പതിച്ചാണ് കൊച്ചുകുട്ടികള്‍ക്കുള്ള ബാഗുകള്‍ വിപണിയിലെത്തിയിട്ടുള്ളത്. കുട്ടികള്‍ക്കുള്ള ടിഫിന്‍ ബോക്സ്, കിറ്റ് എന്നിവയും പരമാവധി ആകര്‍ഷമാക്കിയാണ് നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
200 പേജുള്ള വലിയ കോളജ് നോട്ടുബുക്കുകളുടെ ഏറ്റവും കുറഞ്ഞവില ഇത്തവണ 30 രൂപയാണ്. ചെറിയ ബുക്കുകള്‍ക്കാവട്ടെ 22 മുതല്‍25 രൂപവരെ നല്‍കണം. ഇന്‍സ്ട്രമെന്റ് ബോക്സിന് 70 രൂപ മുതലാണ് വില.
സ്പൈഡര്മാന്, ഡോറ, ബെന്‍ 10, ആംഗ്രി ബേര്‍ഡ്, ബാര്‍ബി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ വാട്ടര്‍ബോട്ടിലുകളും റബറുമൊക്കെ കൊച്ചുകുട്ടികളെ ആകര്‍ഷിക്കുന്നതിനായി വിപണിയിലുണ്ട്.
. പ്രമുഖ കുടക്കമ്പനികളെല്ലാം ഇക്കുറി 5 ശതമാനം വരെ വില കൂടിയിട്ടുണ്ട്. വര്‍ണ്ണങ്ങള്‍ നിറഞ്ഞ കുടകള്‍ക്ക് മൂന്നൂറിന് മുകളിലാണ് വില. വെള്ളം ചീറ്റുന്നതും വിസിലുള്ളതുമായി വൈവിധ്യമാര്‍ന്ന കുടകളും വിപണിയില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."