വി.എസ് ഓട്ടോസ്റ്റാന്‍ഡ് സംഘര്‍ഷം: പ്രശ്നം പരിഹരിച്ചു
നീലേശ്വരം: റൊട്ടേഷന്‍ സംവിധാനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം നീലേശ്വരം വി.എസ് ഓട്ടോസ്റ്റാന്‍ഡില്‍ ഉടലെടുത്ത പ്രശ്നത്തിനു പരിഹാരമായി. നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണന്, എസ്.ഐ പി നാരായണന് എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണു പ്രശ്ന പരിഹാരമായത്. അതേസമയം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്ക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ സ്റ്റാന്‍ഡുകളിലും പാര്‍ക്കു ചെയ്യുന്ന തൊഴിലാളികള്‍ക്കു കോഡിനേഷന്‍ കമ്മിറ്റി നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചു എല്ലാ സ്റ്റാന്‍ഡുകളിലും പാര്‍ക്കു ചെയ്യാം. ഇത്തരത്തില്‍ പാര്‍ക്കു ചെയ്യുന്ന ഓട്ടോറിക്ഷകളുടെ കണക്കു സി.ഐയുടെ നേതൃത്വത്തില്‍ ശേഖരിക്കും. 20 മുതല്‍ ഇതിനായുള്ള പരിശോധന തുടങ്ങും.
ഇതിനു ശേഷം നഗരസഭാ പാര്‍ക്കിങ് നമ്പറിനു പുറമേ മറ്റൊരു നമ്പര്‍ കൂടി വാഹനങ്ങള്‍ക്കു നല്‍കും. ചര്‍ച്ചയില്‍ കോഡിനേഷന്‍ കമ്മിറ്റി നേതാക്കളായ കെ ഉണ്ണിനായര്, ടി.വി നാരായണന്, ഒ.വി രവീന്ദ്രന്, സി പ്രകാശന്, സി വിദ്യാധരന്, വി.വി സുധാകരന്, തെക്കുമ്പാടന്‍ ബാലകൃഷ്ണന്, റിതിഷ് ബാബു, ബാലകൃഷ്ണന് മാടായി, എ വിജേഷ്, പി ജയരാജന് പങ്കെടുത്തു.
വി.എസ് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ ബൈജു, കെ മുരളി തുടങ്ങിയവരെ അക്രമിച്ച സംഭവത്തില്‍ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ ഉണ്ണിനായര്, ബാബു, ഷാജി, കണ്ണന്, മധു തുടങ്ങിയവര്‍ക്കെതിരേയാണു കേസ്.
മറുവിഭാഗത്തിന്റെ പരാതി പ്രകാരം വി.എസ് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരായ സുധാകരന്, ബൈജു എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."