ഉദ്ഘാടനത്തിനൊരുങ്ങി സായി ഗ്രാമം: വീടുകളില്‍ തെളിയുന്നതു സൗരോര്‍ജ വിളക്കുകള്‍
പെരിയ: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഇരിയ കാട്ടുമാടത്ത് നിര്‍മിച്ച് ഉദ്ഘാടനത്തിനൊരുങ്ങി നില്‍ക്കുന്ന സായി ഗ്രാമത്തിലെ വീടുകളില്‍ തെളിയുന്നതു സൗരോര്‍ജ്ജ വെളിച്ചം. ഇതിനു മുന്നോടിയായി ഗ്രാമത്തിലെ സൗരോര്‍ജ്ജ തെരുവു വിളക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഗ്രാമത്തിനു സമീപത്തായി 100 കോടി രൂപ ചെലവില്‍ കാഷ് കൗണ്ടറില്ലാത്ത ലോകത്തിലെ മൂന്നാമത്തെ സൗജന്യ ആശുപത്രിയും ഉടന്‍ വരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് 36 വീടുകളുടെ നിര്‍മാണമാണു പൂര്‍ത്തിയായത്. വിവിധ ഏജന്‍സികളുടെ സഹായത്തോടെ 36 കുടുംബങ്ങള്‍ക്ക് 10 സെന്റിലാണു 500 ചതുരശ്ര അടി വിസ്തൃതിയുള്ള വീടുകള്‍ നിര്‍മിച്ചത്. ആറു മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയായ ഇവിടെ നിലവില്‍ മൂന്നു കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.
ആദ്യഘട്ടമായി പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ 36 വീടുകളും രണ്ടാം ഘട്ടമായി എന്‍മകജെയിലും തുടര്‍ന്നു കിനാന്നൂര്‍ കരിന്തളത്തുമായി 108 വീടുകളാണു ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്.
ഇരിയയിലെ വീടുകളുടെ താക്കോല്‍ ദാനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ പട്ടയ വിതരണവും ചടങ്ങില്‍ നടത്തും. അഞ്ചു കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മിനി ടൗണ്‍ഷിപ്പ് മാതൃകയിലുള്ള വീടുകളില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആയുഷ് കേന്ദ്രം, ആംഫി തിയറ്റര്‍, ബഡ്‌സ് സ്‌കൂള്‍, സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, കുടിവെള്ള പദ്ധതി, മഴവെള്ള സംഭരണി എന്നിവയുണ്ടാകും. ആയുഷ വകുപ്പ് ഇവിടെ അഞ്ചു ഡോക്ടര്‍മാരെ നിയമിച്ചു കഴിഞ്ഞു. ആയുര്‍വേദം, സിദ്ധ, ഹോമിയോ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുക. സമീപവാസികള്‍ക്കും ഇവിടെ നിന്നു സൗജന്യ ചികിത്സ ലഭിക്കും.
സായി ട്രസ്റ്റ് എക്‌സ്‌ക്യുട്ടിവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദ കുമാര്‍, ജില്ലാ ഭാരവാഹികളായ മധുസൂദനന്‍, ആര്‍ക്കിടെക്ട് ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."