കഴിവുള്ള കുട്ടികള്‍ക്ക് ഒരു കലണ്ടറും പ്രശ്‌നമല്ല
നാലുവര്‍ഷം തുടര്‍ച്ചയായി ഒരു മാപ്പിള എല്‍.പി സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായതിന്റെ പരിചയത്തില്‍ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കാം. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന സ്‌കൂളില്‍ ഒന്നാംക്ലാസില്‍ ചേര്‍ന്ന ചെറിയ കുട്ടികള്‍ കുറച്ചുദിവസത്തെ പഠനത്തിനുശേഷം റമദാനിന്റെ ഒരു മാസത്തെ അവധിയും പെരുന്നാള്‍ അവധിയും കഴിഞ്ഞുവരുമ്പോഴേക്കും എല്ലാ കാര്യങ്ങളും ആദ്യം തുടങ്ങേണ്ടിവരുന്നു. അപ്പോഴേയ്ക്കും മറ്റു സ്‌കൂളുകളിലെ കുട്ടികള്‍ പാദവാര്‍ഷികപരീക്ഷയ്ക്കു തയാറെടുത്തിട്ടുണ്ടാവും.
എല്‍.പി, യു.പി, എച്ച്.എസ് സ്‌കൂളുകള്‍ ഒരുമിച്ചുള്ള സ്ഥലങ്ങള്‍ മിക്കവാറും വലിയക്ലാസിലെ കുട്ടികളാണു ചെറിയകുട്ടികളെ സ്‌കൂളിലേയ്ക്കു കൊണ്ടുവരുന്നത്. ശനിയാഴ്ച അവര്‍ക്ക് അവധിയായതു കാരണം ചെറിയ കുട്ടികളും ശനിയാഴ്ച പ്രവര്‍ത്തിക്കുന്ന മുസ്്‌ലിം കലണ്ടര്‍ സ്‌കൂളിലെത്തുകയില്ല. ഇതു വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍, അതായത് ആഴ്ചയില്‍ മൂന്നുദിവസം കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്നതിനു കാരണമാകും. വലിയ കുട്ടികള്‍ അവധിയിലാകുമ്പോള്‍ ചെറിയ കുട്ടികള്‍ സ്‌കൂളിലേയ്ക്കു പോകാന്‍ മടികാണിക്കുന്നു.
ശനി, ഞായര്‍ അവധി ദിവസങ്ങളിലാണു മദ്‌റസകള്‍ കൂടുതല്‍ സമയംപ്രവര്‍ത്തിക്കുന്നത്. ആ ദിവസങ്ങളില്‍ ഷിഫ്റ്റുകളായി തിരിച്ചു വൈകുന്നേരംവരെ ഉസ്താദുമാര്‍ ക്ലാസെടുക്കുന്നു. രാവിലെ സ്‌കൂള്‍ ബസിനു നെട്ടോട്ടമോടാതെ കുട്ടികള്‍ക്കു പഠിക്കാന്‍ കഴിയുന്നത് ഈ ദിവസങ്ങളിലാണ്. വീട്ടില്‍ ഇരിക്കുന്നതിനേക്കാള്‍ നോമ്പു നോല്‍ക്കാനും പള്ളിയില്‍പോകാനും സ്‌കൂളില്‍പോകുന്നതു തന്നെയാണ് ഗുണകരമെന്നാണ് അനുഭവത്തില്‍നിന്നു മനസിലാകുന്നത്. ഒറ്റയ്ക്കു പള്ളിയില്‍ പോകുന്നതിനേക്കാള്‍ കൂട്ടമായി പള്ളിയില്‍ പോകാന്‍ കുട്ടികള്‍ ഉത്സാഹം കാണിക്കാറുണ്ട്. നോമ്പും അതുപോലെത്തന്നെ. നോമ്പില്ലെന്നു മറ്റുള്ളവരോടു പറയാന്‍ കുട്ടികള്‍ക്കു മടിയാണ്. അതുകൊണ്ട്, കഴിയുന്നതും അവര്‍ നോമ്പുനോല്‍ക്കും.
മുസ്‌ലിം കലണ്ടറിനെ എതിര്‍ക്കുകയല്ല. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ള വഴികള്‍ ചര്‍ച്ചചെയ്യുന്നത് ഏറെ ഗുണകരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."