മൂന്ന് കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുത്തു
തൊടുപുഴ: പിതാവിന്റെ മര്‍ദനമേറ്റ് മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലും പിതാവ് ജയിലിലുമായ സാഹചര്യത്തില്‍ ഇവരുടെ മൂന്ന് കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
അടിമാലി വാളറ പാട്ടയിടുമ്പ് ആദിവാസി കോളനിയില്‍ രവി- വിമല ദമ്പതിമാരുടെ മൂന്ന് മക്കളുടെ സംരക്ഷണമാണ് സമിതി ഏറ്റെടുത്തത്. കുട്ടികളെ ഇന്നലെ രാവിലെ 11.30 ഓടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പട്ടികവര്‍ഗക്ഷേമ വകുപ്പും ചേര്‍ന്ന് തൊടുപുഴ മെലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷനിലെത്തിച്ചു.
12 വയസുള്ള മൂത്ത കുട്ടി അധികൃതരെത്തിയപ്പോള്‍ ആദിവാസിക്കുടിയില്‍നിന്ന് ഓടി രക്ഷപ്പെട്ടു. കുട്ടിയെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായും സംരക്ഷണം ഏറ്റെടുക്കുമെന്നും ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പി.ജി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
രവിയുടെ ക്രൂരമര്‍ദനത്തിനിരയായ വിമല വെള്ളിയാഴ്ച മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിമലയോടൊപ്പമുണ്ടായിരുന്ന നവജാത ശിശു ഞായറാഴ്ച രാത്രി മരിച്ചിരുന്നു.
മറ്റ് നാല് കുട്ടികളെ തിങ്കളാഴ്ച ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും നവജാത ശിശുവിന്റെ മരണത്തെത്തുടര്‍ന്ന് ഒരു ദിവസം കൂടി നീട്ടി. ഇന്നലെ രാവിലെ കോളനിയിലെ കുടിലില്‍ നിന്നാണ് ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ ഇ.ഡി. വര്‍ഗീസ്, ശിശുക്ഷേമ സമിതി അംഗം സിസ്റ്റര്‍ ബിജി ജോസ്, സിസ്റ്റര്‍ മെല്‍ബി, ആന്‍സി ആന്റണി, തുടങ്ങിയവര്‍ ചേര്‍ന്ന് മൂന്നര വയസുമുതല്‍ എട്ടുവയസുവരെയുള്ള രണ്ട് ആണ്‍കുട്ടികളെയും ഒരു പെണ്‍കുട്ടിയെയും ഏറ്റെടുത്തത്.
രവി ശനിയാഴ്ച അറസ്റ്റിലായിരുന്നു. വിമല അപകട നില തരണം ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റ് കുട്ടികളുടെ സംരക്ഷണം സമിതി ഏറ്റെടുത്തത്.
നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ചതായും വിമലയെ പതിവായി മര്‍ദിക്കുമായിരുന്നെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. മദ്യപിച്ചതിന്റെ കടം വീട്ടാന്‍ വിമലയുടെ വീട്ടിലെ കുരുമുളക് എടുത്തുകൊണ്ടുപോയി വിറ്റതിനെത്തുടര്‍ന്നാണ് വിമലയും രവിയും തമ്മില്‍ തര്‍ക്കമുണ്ടായത്. വിമലയുടെ പ്രസവത്തിന് ശേഷം നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് വാങ്ങി അടിമാലിയിലെത്തിയ ശേഷം കുടിയിലേക്ക് പോകുന്നതിനിടെ വിമലയെ രവി 100 മീറ്ററോളം വലിച്ചിഴച്ചതായും സമിതിയുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
കുട്ടികളുടെ സാമൂഹിക സ്ഥിതിയെപ്പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫിസറെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ തുടര്‍സംരക്ഷണം തീരുമാനിക്കും. അടുത്ത ബന്ധുക്കളോ മറ്റൊരെങ്കിലുമോ സംരക്ഷണച്ചുതല ഏറ്റെടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."