മോദി അധികാരത്തിലെത്തിയത് കോണ്‍ഗ്രസ് 'ആത്മഹത്യ' ചെയ്തപ്പോള്‍: എം.ജി.എസ്
തേഞ്ഞിപ്പലം: ആവിഷ്‌കാര സ്വാതന്ത്യം നിഷേധിക്കപ്പെടുന്നുവെന്ന ആശങ്കക്ക് കാരണമായ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പ്രധാനകാരണം കോണ്‍ഗ്രസ് ആത്മഹത്യ ചെയ്തതാണെന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും ശബ്ദമുയര്‍ത്തിയത് നിരക്ഷരരായ സാധാരണ ജനമാണെന്ന് അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സര്‍വ്വകലാശാല മാധ്യമ പഠന വിഭാഗം സംഘടിപ്പിച്ച പ്രഥമ കമ്യൂണിയന്‍ മീഡിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്‌കാര സ്വാതന്ത്രത്തെ കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നവരാണ് അടിയന്തരാവസ്ഥയെ ചെറുത്ത് തോല്‍പ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം പൂര്‍ണമായി അനുവദിച്ചുവെന്ന് അവകാശപ്പെടാനാകില്ല.
ബദലില്ലാത്തതാണ് ജനാധിപത്യത്തിന്റ ഏറ്റവും വലിയ അപകടമെന്നും എം.ജി.എസ് പറഞ്ഞു.
സര്‍വ്വകലാശാല ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഏഷ്യനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
മാധ്യമ പഠന വകുപ്പ് മേധാവി ഡോ. എന്‍ മുഹമ്മദാലി അധ്യക്ഷനായി. ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ എം.പി പ്രശാന്ത്, പ്രൊഫ. സൈദ് അംജദ് അഹമ്മദ്, സി.വി രാജു, ടി.പി ലുഖ്മാന്‍ സംസാരിച്ചു. 'ഡിജിറ്റല്‍ യുഗത്തിലെ ആവിഷ്‌കാര സ്വാതന്ത്ര്യം' എന്ന് വിഷയത്തില്‍ ചര്‍ച്ച നടന്നു. ദേശീയ മാധ്യമ ഗവേഷണ സമ്മേളനത്തില്‍ ബെംഗലൂരു എസ്.ജെ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് റിഗോ, പ്രൊഫ. സെയിദ് അംജദ് അഹമ്മദ് , പ്രൊഫ. വിജയകുമാര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡോ. സുചേത നായര്‍ അധ്യക്ഷനായി.
ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നു ഗവേഷകര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മീഡീയാ ക്വിസ്, മൊബൈല്‍ ഫോേട്ടാഗ്രഫി എന്നീ മത്സരങ്ങളും നടക്കും. ഫെസ്റ്റ് നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."