മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍
മലപ്പുറം: ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാല്‍ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതും നിലവിലുള്ള പോസ്റ്റില്‍ ആളില്ലാത്തതുമാണ് പ്രതിസന്ധിക്കിടയാക്കുന്നത്. നിലവില്‍ 27 ജീവനക്കാരുടെ തസ്തികയാണ് പോസ്റ്റ് ഓഫിസിലുള്ളത്.
ഇതില്‍ വര്‍ഷങ്ങളായി മൂന്നു പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ച് പോസ്റ്റ്മാന്മാരുടെ തസ്തികയില്‍ ഒന്നു കുറച്ച് ഇപ്പോള്‍ നാലു പേരാണുള്ളത്. പ്രസവാവധിയും ദീര്‍ഘകാലാവധി, തുടങ്ങിയവയുമായി നാലു പേരെങ്കിലും ഓഫിസിലുണ്ടാകില്ല. ഫലത്തില്‍ ജോലിക്കെത്തുന്നത് 20 പേര് മാത്രമാണ്. സേവിങ് ബാങ്ക് സെക്ഷനില്‍ ഒരു അസി.പോസ്റ്റ് മാസ്റ്ററും രണ്ട് ക്ലര്‍ക്കുമാരും വേണ്ടിടത്ത് ആകെ ഒരാള്‍ മാത്രമാണുള്ളത്.
ഹെഡ് പോസ്റ്റ് ഓഫിസിനുകീഴില്‍ 18 സബ് ഓഫിസുകളാണുള്ളത്. ഇവിടെ ഏതെങ്കിലും ഓഫിസില്‍ ആരെങ്കിലും ലീവായാല്‍ പകരം ആളെ നല്‍കേണ്ടത് ഇവിടെനിന്നാണ്. അതോടെ നിലവിലുള്ള അംഗബലം വീണ്ടും കുറയും. പോസ്റ്റ്മാന്മാരുടെ എണ്ണം വെട്ടിക്കുറച്ചത് സാധാരണ കത്തുകള്‍ വൈകാന്‍ കാരണമാകും. സ്പീഡ് പോസ്റ്റ്, രജിസ്ട്രേഡ് കത്തുകള്‍തന്നെ ധാരാളമുള്ളതിനാലാണിത്.
ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ മൂന്നു വര്‍ഷമായി പുതിയ നിയമനങ്ങളൊന്നും നടക്കുന്നില്ല. എന്നാല്‍, ജനങ്ങള്‍ക്ക് പ്രയാസം നേരിടാത്ത നിലയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജീവനക്കാര്‍ പെടാപ്പാട് പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."