ദേശീയ സീനിയര്‍ ഫെന്‍സിങ്: കേരളം ഓവറോള്‍ ചാംപ്യന്മാര്
തൊടുപുഴ : ഛത്തീസ്ഗഢിലെ റായ്പൂരില്‍ സമാപിച്ച ദേശീയ സീനിയര്‍ പുരുഷ- വനിതാ വിഭാഗം ഫെന്‍സിങ് ചാംപ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ ചാംപ്യന്മാര്. വനിതാ വിഭാഗത്തിലും ഓവറോളും കേരളം നിലനിര്‍ത്തി. അഞ്ചു സ്വര്‍ണം, ഒന്‍പതു വെള്ളി, ആറു വെങ്കലം എന്നിങ്ങനെയാണ് കേരളത്തിന്റെ മെഡല്‍ നേട്ടം. മുന്‍ കേരള താരവും നിലവില്‍ തമിഴ്നാടിന്റെ താരവുമായ സി.എ ഭവാനി ദേവിയെ വീഴ്ത്തി കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ് (കണ്ണൂര്‍) അട്ടിമറി വിജയം നേടിയത് ശ്രദ്ധേയമായി. കഴിഞ്ഞ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിനു വേണ്ടി ഭവാനി ദേവി വെള്ളി മെഡല്‍ നേടിയിരുന്നു. പിന്നീട് തമിഴ്നാട് ടീമില്‍ ചേര്‍ന്നു. സാബ്റെയില് ടീമിനത്തിലും വ്യക്തിഗത ഇനത്തിലും രണ്ടു സ്വര്‍ണം നേടിയ ജോസ്ന ശ്രദ്ധേയ താരമായി. വി. ഡെസ്നി, കെ അനിത, റീഷ പുതുശ്ശേരി എന്നിവരും സാബ്റെയില് സ്വര്‍ണം നേടി. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത (എപ്പിയില്‍) നാലു പുരുഷന്മാരൊഴികെ എല്ലാവര്ക്കും മെഡല്‍ നേടാനായി.
ഫോയില്‍, എപ്പി, സാബ്റേ ഇനങ്ങളില്‍ 24 അംഗ ടീമാണ് കേരളത്തിനു വേണ്ടി അങ്കത്തിനിറങ്ങിയതെന്നു ഫെന്‍സിങ് അസോസിയേഷന് സെക്രട്ടറി എം.എസ് പവനന് പറഞ്ഞു. 2020 ഒളിംപിക്സ് എന്‍ട്രിക്കായി പരിശ്രമിക്കുന്ന കേരളത്തിനു ആത്മവിശ്വാസം പകരുന്നതാണ് തുടര്‍ച്ചയായ ഈ വിജയങ്ങളെന്നും സെക്രട്ടറി പറഞ്ഞു.
സാഗര്‍ എസ് ലാഗു, ഒ രജീഷ്ണ എന്നിവരായിരുന്നു ടീമിന്റെ പരിശീലകര്‍. അരുണ്‍ എസ് നായര്‍, രേഷ്മ മുരളി എന്നിവരായിരുന്നു ടീം മാനേജര്‍മാര്‍. നവംബറില്‍ മണിപ്പൂരില്‍ നടന്ന ദേശീയ ജൂനിയര്‍ ചാംപ്യന്‍ഷിപ്പിലും കഴിഞ്ഞ മാസം ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ യൂത്ത് ചാംപ്യന്‍ഷിപ്പിലും കേരളത്തിനായിരുന്നു ഓവറോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."